ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.  സുസ്ഥിര സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ ഇരുപതിന സമാധാന നിര്‍ദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് നിർണ്ണായക പുരോഗതി കൈവരിച്ചതിൽ ട്രംപിൻ്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മേദി ട്രംപിനെ പ്രശംസിച്ച് എക്സിൽ കുറിച്ച വാക്കുകൾ ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. ഹമാസ് പദ്ധതിയുടെ ഭാഗങ്ങൾ അംഗീകരിച്ചതോടെ ബന്ദികളുടെ മോചനത്തിനും ഗാസയിലെ സംഘ‍ർഷം ലഘൂകരിക്കുന്നതിനും സാധ്യത തെളി‌ഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഹമാസ് ട്രംപിൻ്റെ ഗാസ സമാധാന പദ്ധതിയിലെ ചില ഭാഗങ്ങൾ അംഗീകരിച്ചതായി അറിയിച്ചത്. ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഹമാസിൻ്റെ ഈ നീക്കം.

ഹമാസിന്‍റെ സമാധാന നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണിതെന്ന് ട്രംപ് വ്യക്തമാക്കി. ഇത് ഗാസയുടെ മാത്രം കാര്യമല്ല, മിഡിൽ ഈസ്റ്റിലെ ശാശ്വത സമാധാനത്തിന്റെ ഭാഗമാണിതൊന്നും ട്രംപ് പറഞ്ഞു. ഇസ്രയേൽ ഗാസയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നിവയായിരുന്നു ട്രംപിൻ്റെ പ്രധാന ആവശ്യം.

എന്നാൽ ഇതിലെ ചില ഉപാധികൾ മാത്രമാണ് ഹമാസ് അംഗീകരിച്ചത്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്ന് അവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം മുച്ചൂടും മുടിക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.