റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിലും, നിർണായക വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലുമാണ് ഈ സംഭാഷണം നടന്നത്.

ദില്ലി: ഇന്ത്യയും യുഎസും തമ്മിൽ നിർണായക വ്യാപാര കരാർ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വ്യാപാരം, നിർണ്ണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണ വികാസം ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തിയതായും പ്രധാനമന്ത്രി അറിയിച്ചു. ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്ത ശ്രമങ്ങളിൽ ഊന്നൽ നൽകാനും, വെല്ലുവിളികൾ നേരിടാനും പൊതു താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയായി.

ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലം

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25ശതമാനം പിഴ ചുമത്തുകയും കൂടാതെ 25 ശതമാനം അധിക തീരുവകൾ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ഈ തീരുവകൾ അന്യായമാണെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മോദിയും ട്രംപും തമ്മിലുള്ള സംഭാഷണം നടന്നത്. അതേസമയം, ട്രംപിൻ്റെ വിദേശനയം യു.എസിൻ്റെ പ്രധാന സഖ്യകക്ഷികളിൽ ഒരാളായ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് വിമര്‍ശനവും നിലവിലുണ്ട്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ, ഇന്ത്യയ നൽകിയത് ഏറ്റവും മികച്ച" വാഗ്ദാനമാണ് എന്ന് അഭിപ്രായപ്പെട്ടു. മറുപടിയായി, ട്രംപ് ഭരണകൂടം കരാറിൽ ഒപ്പിടണമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡൻ്റ് ട്രംപുമായി "ഊഷ്മളമയ സംഭാഷണം നടന്നു എന്ന് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. "ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഞങ്ങൾ വിലയിരുത്തുകയും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും എന്നും മോദി കുറിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ പോസ്റ്റിൽ വ്യാപാരത്തെക്കുറിച്ച് പ്രത്യേക പരാമർശം ഉണ്ടായിരുന്നില്ല.

വ്യാപാര കരാർ ചർച്ചകൾ

യുഎസ് സംഘം ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ദില്ലിയിൽ തുടരുകയാണ്. ചർച്ചകൾ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന് വ്യാഴാഴ്ച വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചിരുന്നു. "ഞങ്ങൾക്ക് വളരെ ക്രിയാത്മകമായ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് രാജ്യങ്ങൾക്കും പ്രയോജനകരമാകുമ്പോൾ മാത്രമേ ഒരു കരാർ ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. സമയപരിധി വെച്ച് ഞങ്ങൾ ഒരിക്കലും ചർച്ചകൾ ചെയ്യില്ല, കാരണം അപ്പോൾ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഗോയൽ കൂട്ടിച്ചേർത്തു.