ഈ കടുത്ത തീരുവ ടെക്‌സ്‌റ്റൈല്‍സ്, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഇന്ത്യന്‍ വ്യവസായങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റവും കൂടുതല്‍ ഭിന്നത സൃഷ്ടിക്കുന്നത് കാര്‍ഷികമേഖലയെന്ന് റിപ്പോര്‍ട്ടുകള്‍. ചോളം, സോയാബീന്‍ എന്നിവയുടെ ഇറക്കുമതിക്കായി അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, രാജ്യത്തെ കര്‍ഷകരെ സംരക്ഷിക്കാന്‍ വേണ്ടി യുഎസിന് വിപണി തുറന്നുകൊടുക്കാന്‍ ഇന്ത്യ മടിക്കുകയാണ്. അതേസമയം, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തിയാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനത്തില്‍നിന്ന് 15-16 ശതമാനമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ തീരുമാനിച്ചിരുന്നു.. ഇത് യുഎസ്-ഇന്ത്യ വ്യാപാര കരാറിനുള്ള പ്രധാന തടസ്സം നീക്കാന്‍ സഹായകമാകുന്ന ഘടകമാണ്.

നിലവില്‍, യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതി തീരുവയും റഷ്യയുമായുള്ള എണ്ണ ഇടപാടുകള്‍ക്കുള്ള ശിക്ഷയായാണ് ചുമത്തിയിട്ടുള്ളത്. ഈ കടുത്ത തീരുവ ടെക്‌സ്‌റ്റൈല്‍സ്, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഇന്ത്യന്‍ വ്യവസായങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ചര്‍ച്ചയുടെ ഹൃദയം ചോളം: യുഎസിന്റെ ആവശ്യം എന്ത്?

യുഎസ് ഇന്ത്യയോട് പ്രധാനമായും ആവശ്യപ്പെടുന്നത് രണ്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ്. ചോളവും സോയാബീനും

ചോളം: ഇന്ത്യ എഥനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ചോളത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങളില്‍നിന്ന് എഥനോള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ അനുവദിക്കുന്നില്ല. മാത്രമല്ല, ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ട്. യുഎസിലെ മിക്ക ചോളവും ജനിതകമാറ്റം വരുത്തിയവയാണ്. അമേരിക്കന്‍ ചോളത്തില്‍നിന്നുള്ള എഥനോള്‍ ഗ്യാസലിനുമായി കൂട്ടിക്കലര്‍ത്താന്‍ മാത്രമായി ഉപയോഗിക്കാം എന്നും, അത് ഇന്ത്യന്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരില്ല എന്നുമാണ് യുഎസ് നിലപാട്. ചോളം ഇറക്കുമതി ചെയ്താല്‍ എഥനോള്‍ വിതരണ ശൃംഖലയെ മൊത്തത്തില്‍ താറുമാറാക്കുമെന്നും, നിലവിലെ ഉത്പാദന ശേഷി ഉപഭോഗത്തേക്കാള്‍ കൂടുതലാണ് എന്നും എഥനോള്‍ നിര്‍മ്മാതാക്കള്‍ വാദിക്കുന്നു. കൂടാതെ, ചോളം ഉത്പാദനത്തില്‍ മുന്നിലുള്ള ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സമയത്ത് യുഎസില്‍നിന്നുള്ള ഇറക്കുമതി കര്‍ഷകരെ പ്രകോപിപ്പിക്കുകയും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യുമെന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്.

സോയാബീന്‍ & സോയാമീല്‍:

ലോകത്തിലെ ഏറ്റവും വലിയ സോയാബീന്‍ ഇറക്കുമതിക്കാരായ ചൈന ഇവ വാങ്ങുന്നത് നിര്‍ത്തിയതോടെ, യുഎസിലെ കര്‍ഷകര്‍ക്ക് വലിയ അളവില്‍ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി സമ്പത്തുള്ള രാജ്യമാണ്. കന്നുകാലി തീറ്റയ്ക്കായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ സമ്പന്നമായ സോയാമീല്‍ ഇറക്കുമതി ചെയ്യാന്‍ ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ട്. അമേരിക്കന്‍ സോയാബീന്‍, സോയാമീല്‍ ഇറക്കുമതി രാജ്യത്തെ ഉത്പാദകരെ ദോഷകരമായി ബാധിക്കുമെന്നും, രാജ്യത്ത് ആവശ്യത്തിനുള്ള സോയാമീല്‍ സ്റ്റോക്ക് ഉണ്ടെന്നും ഇന്ത്യന്‍ സോയാബീന്‍ വ്യവസായ മേഖല പറയുന്നു. ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അമേരിക്കന്‍ ധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും വിപണി തുറന്നുകൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളെ ഇന്ത്യ എതിര്‍ക്കുകയാണ്. എങ്കിലും, ചിലയിനം ചോളം, സോയാമീല്‍ എന്നിവയുടെ ഇറക്കുമതി പരിഗണിച്ചേക്കാമെന്ന് വ്യാപാര വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അമേരിക്കയുമായി ഒരു വ്യാപാര കരാറില്‍ എത്തുക എന്നതാണ് മോദി സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.