അമേരിക്കയുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കാനുള്ള നീക്കങ്ങളില്‍ മുജ്തബ സജീവമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്.

വാഷിംഗ്ടണ്‍: തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ പൊതുവേദിയില്‍നിന്ന് മാറിനില്‍ക്കുന്നുവെങ്കിലും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാന്റെ യുദ്ധ-സമാധാന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി യുഎസ്. ഇന്റലിജന്‍സ്. അമേരിക്കയുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കാനുള്ള നീക്കങ്ങളില്‍ മുജ്തബ സജീവമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ ചാനലാണ് ഈ വിവരം പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്‍ യുദ്ധത്തിന്റെ ആദ്യ ദിവസമാണ് മുജ്തബയുടെ പിതാവ് ആയത്തുല്ല അലി ഖമനെയിയും ചില കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത്. ആ ആക്രമണത്തില്‍ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം, അമേരിക്കയും ഇസ്രായേലും വമ്പന്‍ ആക്രമണങ്ങള്‍ നടത്തുകയും ഇറാന്‍ തിരിച്ചടിക്കുകയും ചെയ്‌തെങ്കിലും മുജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയോ ചെയ്തിട്ടില്ല. യുദ്ധത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായും ആരോഗ്യനില വഷളായതായുമുള്ള നിരവധി ഊഹാപോഹങ്ങള്‍ വാര്‍ത്തകളായി പുറത്തുവന്നിരുന്നു. അതീവസുരക്ഷാ മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ഉന്നത നേതാക്കള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ട സഹാചര്യത്തിലാണ് മുജ്തബ മാറിനില്‍ക്കുന്നതെന്നാണ് നിലവിലുള്ള വിശകലനം.

മുജ്തബയുടെ പരിക്ക് ഭേദമാകുന്നതായി ഇറാന്‍

പിതാവ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മുജ്തബയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുഖം, കൈ, ഉടല്‍, കാല്‍ എന്നിവിടങ്ങളില്‍ ഗുരുതരമായ പൊള്ളലേറ്റതായാണ് വിവരം. അതേസമയം, മുജ്തബയുടെ പരിക്ക് ഭേദമാകുന്നുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നുമാണ് പരമോന്നത നേതാവിന്റെ ഓഫീസിലെ പ്രോട്ടോക്കോള്‍ വിഭാഗം തലവന്‍ മസാഹര്‍ ഹുസൈനി വെള്ളിയാഴ്ച പറഞ്ഞത്. കാലിനും നട്ടെല്ലിന്റെ താഴ് ഭാഗത്തും നേരിയ പരിക്കുണ്ടെന്നും, ഒരു ചെറിയ ചില്ല് കഷണം ചെവിക്ക് പിന്നില്‍ തറച്ചിരുന്നെന്നും എന്നാല്‍ ആ മുറിവുകള്‍ സുഖപ്പെട്ടുവരികയാണെന്നുമാണ് ഹുസൈനി പറഞ്ഞത്. മുജ്തബയുമായി രണ്ടര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഈ ആഴ്ച പറഞ്ഞത്.

ചികില്‍സയില്‍ കഴിയുന്ന മുജ്തബ രഹസ്യകേന്ദ്രത്തില്‍ ഏകാന്തവാസത്തിലാണ് എന്നാണ് യുഎസ് കരുതുന്നത്. എന്നാല്‍, ഇന്നുവരെ അദ്ദേഹത്തിന്റെ ഒളിത്താവളം സ്ഥിരീകരിക്കാന്‍ യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ആശയവിനിമയത്തിനായി മുജ്തബ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും ഉപയോഗിക്കുന്നില്ല. നേരിട്ട് സന്ദര്‍ശിക്കുന്നവരോടോ സന്ദേശവാഹകര്‍ വഴിയോ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നതെന്നാണ് യു എസ് വിലയിരുത്തല്‍.

ഒരു മാസത്തിലേറെയായി വെടിനിര്‍ത്തല്‍ തുടരുമ്പോഴും സംഘര്‍ഷത്തിന് നയതന്ത്രപരമായ അന്ത്യം കുറിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഇറാന്‍ സൈനിക ശേഷി ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും അമേരിക്കന്‍ ഉപരോധം മാസങ്ങളോളം നീണ്ടാലും അവര്‍ അതിജീവിക്കുമെന്നുമാണ് യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വിധത്തിലുള്ള കരാറില്‍ ഇറാനെ കൊണ്ടുവരാനുള്ള പലവിധ സമ്മര്‍ദ്ദങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോവുന്നത്.