എട്ട് മാസമായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പ്രസിഡന്റുമായി ഏഴ് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ. വധഭീഷണി കാരണമാണ് അദ്ദേഹം മാറിനിൽക്കുന്നതെന്നും, ആരോഗ്യവാനായ അദ്ദേഹം ഭരണകാര്യങ്ങളിൽ സജീവമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായ മൊജ്തബ ഖമനെയി രാജ്യത്തെ പ്രസിഡന്റുമായി ഏഴ് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയതായി പരമോന്നത നേതാവിന്റെ പ്രതിനിധിയും മുതിർന്ന നയതന്ത്രജ്ഞനുമായ അബ്ദുൾ മജീദ് ഹക്കീം ഇലാഹി. എട്ട് മാസം മുമ്പ് അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റതിന് ശേഷം മൊജ്തബ ഖമനെയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും അന്നത്തെ പരമോന്നത നേതാവുമായിരുന്ന ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത്.

പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ മൊജ്തബ ഖമനെയി പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മൊജ്തബ പൂർണ്ണ ആരോഗ്യവാനാണെന്നാണ് അബ്ദുൾ മജീദ് ഹക്കീം പറയുന്നത്. കഴിഞ്ഞ ആഴ്ച അദ്ദേഹവുമായി ഏഴ് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് സ്പീക്കറും പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട ചില സുഹൃത്തുക്കളെ അറിയാം. പരമോന്നത നേതാവ് തന്റെ ദൗത്യങ്ങൾ കൃത്യമായി നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണെന്നും അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. ജനങ്ങളോടൊപ്പം പ്രതിഷേധങ്ങളിൽ വരെ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പിതാവിന്റെ സംസ്കാര ചടങ്ങിൽ മൊജ്തബ പങ്കെടുത്തിരുന്നില്ലെന്ന വാദം തെറ്റാണെന്ന് ഇറാനിയൻ നയതന്ത്രജ്ഞൻ പറഞ്ഞു- "സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല, ആരും അദ്ദേഹത്തെ കണ്ടതുമില്ല. എന്നാൽ പിതാവിന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആ സമയത്ത് ഞാൻ ഇറാനിലുണ്ടായിരുന്നു".

വധഭീഷണി കാരണമാണ് മൊജ്തബ ഖമനെയി പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരും ഭരണകേന്ദ്രങ്ങളിലുള്ളവരും പറയുന്നു. അദ്ദേഹം നേതാക്കളുമായി പതിവായി കൂടിക്കാഴ്ച നടത്തുകയും എല്ലാ പ്രധാന റിപ്പോർട്ടുകളും പരിശോധിക്കുകയും നിർണ്ണായക വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് അവകാശവാദം.