ബ്യൂട്ടി മേക്കപ്പ് വീഡിയോകളുമായി ടിക് ടോക്കിൽ എത്തുന്ന വ്ളോഗറാണ് വലേറിയ മാര്‍ക്കോസ്
മെക്സിക്കോ സിറ്റി: മെക്സിക്കൻ ഇൻഫ്ലുവൻസറായ 23കാരിയുടെ കൊലപാതകതം ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു. ബ്യൂട്ടി മേക്കപ്പ് വീഡിയോകളുമായി ടിക് ടോക്കിൽ എത്തുന്ന വലേറിയ മാര്‍ക്കോസ് ആണ് ടിക് ടോക് ലൈവിനിടെ വെടിയേറ്റ് മരിച്ചത്. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും നിരവധി ആരാധകരുണ്ട് വലേറിയക്ക്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ടിക് ടോക്കിൽ. വലേറിയ മെക്സിക്കോ നഗരത്തിനടുത്തുള്ള ജെലിസ്കോയിലുള്ള ബ്യൂട്ടി പാർലറിൽ ലൈവ്സ്ട്രീമിംഗ് നടത്തുമ്പോഴായിുന്നു അജ്‍ഞാതന്റെ ആക്രമണം.
വലേറിയയുടെ മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ് ആരാധകരുമായി സംവദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അവര്‍ വരുന്നുണ്ടെന്ന് വലേറിയ പറയുന്നുണ്ട്. പിന്നാലെ ഒരു പുരുഷ ശബ്ദം കേൾക്കുന്നു. ലൈവിനിടയിൽ തന്നെ യുവതി വെടിയേറ്റ് മരിക്കുന്നതുമായുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സമ്മാനം നൽകാനെന്ന വ്യാജേനയാണ് അക്രമി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.
പൊതു ഇടത്തിൽ സ്വാധീനം ചെലുത്തുന്ന സ്ത്രീകൾക്കെതിരെ നിരവധി ആക്രമണങ്ങളാണ് മെക്സിക്കോയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിംഗം മാത്രം പരിഗണിച്ച് ആസൂത്രിതമായി നടത്തുന്ന സ്ത്രീഹത്യകൾ, അഥവാ ഫെമിസൈഡ് ആണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളിൽ പരാഗ്വേ, യുറഗ്വേ, ബൊളീവിയ അടക്കമുള്ള രാജ്യങ്ങളിലേതിന് സമാനമായി ഫെമിസൈഡുകൾ മെക്സിക്കോയിലും പെരുകുകയാണ്. 2023ൽ മാത്രം ഒരു ലക്ഷം പേരിൽ ഒരാൾ വീതം ഇത്തരത്തിൽ ഈ രാജ്യങ്ങളിൽ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് യുഎൻ വിശദമാക്കുന്നത്. മെക്സിക്കൻ നഗരങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്ന നഗരമാണ് നിലവിൽ കൊലപാതകം നടന്ന ജെലിസ്കോ.


