ഗുരുതര പരിക്കേറ്റവരിൽ ഏറിയ പങ്കും സൈനികർക്ക് പരിക്കേറ്റിരിക്കുന്നത് തലയിലാണ്. ഇത് ഓർമ്മ സംബന്ധിയായ തകരാറുകളും മൈഗ്രെയ്ൻ അടക്കമുള്ള പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നതാണെന്നാണ് റിപ്പോർട്ട്.

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 300ലധികം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി കണക്കുകൾ. ഒരുമാസത്തിനുള്ളിലാണ് 300ലേറെ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റത്. ഇതിൽ പത്ത് പേരുടെ പരിക്ക് സാരമുള്ളതാണെന്നും 273 സൈനികർ പരിക്ക് ഭേദമായി തിരികെ ജോലിയിൽ പ്രവേശിച്ചതുമായാണ് അമേരിക്ക വിശദമാക്കുന്നത്. ഗുരുതര പരിക്കേറ്റവരിൽ ഏറിയ പങ്കും സൈനികർക്ക് പരിക്കേറ്റിരിക്കുന്നത് തലയിലാണ്. ഇത് ഓർമ്മ സംബന്ധിയായ തകരാറുകളും മൈഗ്രെയ്ൻ അടക്കമുള്ള പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നതാണെന്നാണ് റിപ്പോർട്ട്. ഇറാൻ ഡ്രോൺ ആക്രമണം, സ്ഫോടനങ്ങൾ എന്നിവയിലാണ് ഏറിയ പങ്കും പരിക്കുകൾ സംഭവിച്ചിട്ടുള്ളത്. അതേസമയം പശ്ചിമേഷ്യയിൽ അമേരിക്കയുടെ കരസേനയുടെ സഹായമില്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാവുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

യുദ്ധം അവസാനിപ്പിക്കാൻ 15 നിർദ്ദേശങ്ങൾ ഇറാന് അമേരിക്ക നൽകിയെങ്കിലും അതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ലെന്നും മാർക്കോ റൂബിയോ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വ്യക്തമാക്കിയത്. വെള്ളിയാഴ്ച സൌദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പത്തോളം യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ടാങ്കുകളിൽ ഇന്ധനം നിറയ്ക്കാനുള്ള ടാങ്കിലും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ഓപ്പറേഷൻ എപിക് ഫ്യൂരിയിൽ 300ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായാണ് അമേരിക്ക പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ. ഇതിനിടെ മൂന്നാമത്തെ വിമാന വാഹിനി കപ്പലും അമേരിക്കയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതോടെ മൂന്ന് വിമാന വാഹിനി കപ്പലുകളാണ് ഇറാനെതിരെ അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ളത്. എന്നാൽ വിമാന വാഹിനി കപ്പലായ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷിൽ നിന്ന് സൈനികർ പശ്ചിമേഷ്യയിൽ ആക്രമണം തുടങ്ങുകയെന്ന് വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം