സമീപത്തുള്ള വനപാലകർ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തൽക്ഷണം മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നിന്റെ ഉടമയായ കോടീശ്വരനെ കാട്ടാന ചവിട്ടിക്കൊന്നു. സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യൻ കോൺറാഡിയാണ് (39) മരിച്ചത്. ജൂലൈ 22 ന് രാവിലെ 8 മണിക്ക് ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവിലാണ് കാട്ടാന ആക്രമണമുണ്ടായത്. ടൂറിസ്റ്റ് സ്പോട്ടിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യൻ കോൺറാഡിയെ ആന ആക്രമിച്ചത്. ആന കോൺറാഡിയെ കുത്തിയതായും നിരവധി തവണ ചവിട്ടിയതായും റിപ്പോർട്ടുണ്ട്. സമീപത്തുള്ള വനപാലകർ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തൽക്ഷണം മരിച്ചു.
കെയ്‌ലിക്സ് ഗ്രൂപ്പ് സ്‌പോർട്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമ കൂടിയായ കോൺറാഡി, വന്യജീവികളോട് സ്നേഹമുള്ളയാളായിരുന്നുവെന്നും ജന്തുശാസ്ത്രം, മൃഗപഠനം, വാണിജ്യം, മാർക്കറ്റിംഗ് എന്നിവയിൽ ഓണേഴ്‌സ് ബിരുദം നേടിയിട്ടുണ്ടെന്നും സഹപ്രവർത്തകർ പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവാണ് കോൺറാഡി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ പൊതുജനങ്ങളോട് ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സിംഹങ്ങൾ, കാട്ടുപോത്തുകൾ, കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ, ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ആനക്കൂട്ടം എന്നിവയുടെ ആവാസ കേന്ദ്രമാണ് ഈ വന്യജീവി സങ്കേതം.
പ്രശസ്തമായ ഗാർഡൻ റൂട്ടിലെ മോസൽ ബേയ്ക്ക് സമീപമുള്ള ആഡംബര പഞ്ചനക്ഷത്ര സഫാരി ലോഡ്ജായ ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവ്, ബിഗ് ഫൈവ് അനുഭവങ്ങൾ തേടുന്ന സെലിബ്രിറ്റികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. ദമ്പതികൾക്ക് ഒരു രാത്രിക്ക് ഏകദേശം 900 പൗണ്ട് നിരക്കിലാണ് പണം ഈടാക്കുന്നത്.
