നായ്ക്കളുടേതെന്ന ധാരണയിൽ അന്നത്തെ പരിസ്ഥിതി സാഹചര്യങ്ങളേക്കുറിച്ച് മനസിലാക്കാനുള്ള ഗവേഷണങ്ങൾക്കാണ് ജനിതക ഫലം തിരിച്ചടിയായിട്ടുള്ളത്
സൈബീരിയ: സൈബീരിയയിലെ വടക്കൻ മേഖലയായ ടുമാറ്റിൽ നിന്ന് കണ്ടെത്തിയ 14000 വർഷം പഴക്കമുള്ള മൃതദേഹങ്ങൾ വളർത്തുനായ്ക്കളുടേതെന്ന കണ്ടെത്തൽ തെറ്റിച്ച് പരിശോധനാഫലങ്ങൾ. മനുഷ്യൻ ഇണക്കി വളർത്തിയിരുന്ന നായ്ക്കളെന്ന ധാരണയായിരുന്നു 2011ലും 2015ലുമായി മഞ്ഞിൽ നിന്ന് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ശാസ്ത്രലോകത്തിന്റെ ധാരണ. രണ്ട് നായ്ക്കളുടെ മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയ നായകുഞ്ഞുങ്ങളുടേതെന്ന മൃതദേഹങ്ങൾ ചെന്നായ്ക്കളുടേതെന്നാണ് പരിശോധനാ ഫലങ്ങൾ വിശദമാക്കിയത്. മാമോത്തുകളുടെ വേവിച്ച എല്ലുകളുടെ ഭാഗം ഇവയുടെ വയറിൽ നിന്ന് കണ്ടെത്തിയതാണ് ഇവയെ മനുഷ്യർ വളർത്തിയിരുന്നതാണെന്ന ധാരണയിലേക്ക് ഗവേഷകരെത്തിയത്. ഇര തേടാൻ സഹായത്തിനായി നായ്ക്കളെ മനുഷ്യർ ആദ്യകാലം മുതൽ വളർത്തിയിരുന്നതായുള്ള ധാരണയ്ക്ക് തെളിവായി ആയിരുന്നു നായ കുഞ്ഞുങ്ങളുടെ മൃതദേഹം വിലയിരുത്തൽ.
ജനിതക പരിശോധനയിലാണ് ഇവ ചെന്നായ്ക്കളാണെന്നും സഹോദരിമാരാണെന്നും വ്യക്തമായത്. നായ്ക്കളുടേതെന്ന ധാരണയിൽ അന്നത്തെ പരിസ്ഥിതി സാഹചര്യങ്ങളേക്കുറിച്ച് മനസിലാക്കാനുള്ള ഗവേഷണങ്ങൾക്കാണ് ജനിതക ഫലം തിരിച്ചടിയായിട്ടുള്ളത്. യോർക്ക് സർവകലാശാലയിലെ ആനി കാത്തെറിൻ റംഗ് ആണ് പ്രസ്താവനയിൽ ഇക്കാര്യം വിശദമാക്കിയത്. ആനി കാത്തെറിൻ റംഗിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇവയുടെ എല്ലുകളിൽ നടത്തിയ ജനിതക പരിശോധനാ ഫലമാണ് ജൂൺ 12ന് ക്വാട്ടർനറി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 14100 നും 15000 വർഷങ്ങൾക്കിടയിലാണ് ഇവ ചത്തിട്ടുള്ളതെന്നും ആനി കാത്തെറിൻ വിശദമാക്കുന്നത്. പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ വനത്തിൽ വിഹരിച്ചിരുന്നവയാണ് ഈ ചെന്നായ്ക്കളെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. രണ്ട് മാസം പ്രായമുള്ള ഇവ അമ്മ ചെന്നായയുടെ പാൽ കുടിച്ചിരുന്നവയാണെന്നുമാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഇവയുടെ വയറിൽ നിന്ന് കണ്ടെത്തിയ വൂളി കാണ്ടാമൃഗത്തിന്റെ തോൽ ഇവയുടെ മരണ കാരണത്തിന്റെ സൂചനകളും നൽകുന്നുവെന്നാണ് ഗവേഷക വിശദമാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റതിന്റെ ഒരു സൂചനകളും വൃത്തിയായി സംരക്ഷിക്കപ്പെട്ടിരുന്ന ഇവയുടെ മൃതദേഹ ഭാഗങ്ങളില്ല. മണ്ണിടിഞ്ഞ് വീണായിരിക്കാം ഇവയുടെ മരണമെന്നം ഗവേഷക വിശദമാക്കി.
നായ്ക്കളും ചെന്നായ്ക്കളും തമ്മിൽ വളരെ സാമ്യമുണ്ടെങ്കിലും ജനിതക പരമായി കാര്യമായ വ്യത്യാസങ്ങളാണ് ഉള്ളത്. 15000 വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ കാട്ടുനായ്ക്കളെ ഇണക്കി വളർത്തിയിരുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്നാൽ ഏറ്റവും പഴക്കമുള്ള വളർത്തുനായ ഏതാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 14200 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് വിലയിരുത്തപ്പെട്ട ബോൺ ഒബർകാസൽ നായയാണ് ഇതെന്നാണ് പറയപ്പെടുന്നത്. ജർമ്മനിയിലെ ഒരു അതിപുരാതന ശ്മശാനത്തിൽ നിന്നാണ് ഈ നായയുടെ മൃതദേഹം പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.


