മെയ് 22നാണ് മ്യാൻമറിലെ സാമ്പത്തിക തലസ്ഥാനമായ യാങ്കോനിൽ വച്ചാണ് 68കാരനായ ഛോ ഹടുൻ ഓംഗ് വെടിയേറ്റ് മരിച്ചത്

ന്യേപിഡോ: പട്ടാപ്പകൽ മുൻ സൈനിക നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്തവരിൽ ആറ് വയസുകാരിയും. മ്യാൻമറിലാണ് സംഭവം. കഴിഞ്ഞ മാസം മ്യാൻമറിൽ വിരമിച്ച ബ്രിഗേഡിയർ ജനറലും കംബോഡിയൻ അംബാസിഡറുമായ ഛോ ഹടുൻ ഓംഗ് കൊല്ലപ്പെട്ട സംഭവത്തിലാണ് സൈന്യം ഭീകരവാദികളെന്ന് മുദ്ര കുത്തി 16പേരെ അറസ്റ്റ് ചെയ്തത്. ഇതിലാണ് ആറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 22നാണ് മ്യാൻമറിലെ സാമ്പത്തിക തലസ്ഥാനമായ യാങ്കോനിൽ വച്ചാണ് 68കാരനായ ഛോ ഹടുൻ ഓംഗ് വെടിയേറ്റ് മരിച്ചത്.

ആഭ്യന്തര കലാപം രൂക്ഷമായ രാജ്യത്ത് നടക്കുന്ന ഹൈ പ്രൊഫൈൽ കൊലപാതകമായിരുന്നു ഇത്. 2021 ഫെബ്രുവരിയിൽ 21ന് ആങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ സൈന്യം അട്ടിമറിച്ച് അധികാരം കയ്യാളിയ ശേഷം ആഭ്യന്തര കലാപം മ്യാൻമറിൽ രൂക്ഷമാണ്. സൈനിക സർക്കാർ വെടിനിർത്തലിന് തയ്യാറാകാത്ത സാഹചര്യത്തിൽ ആഭ്യന്തര കലാപം മേഖലയിൽ രൂക്ഷമാണ്. വംശീയ സായുധ സംഘടനകളും മ്യാൻമറിൽ സ്വയം ഭരണം നടത്താൻ ശ്രമിക്കുന്നതിനെ പട്ടാളം ശക്തമായാണ് നേരിടുന്നത്. മുൻ സൈനിക നേതാവിനെ കൊലപ്പെടുത്തിയതിന് 13 പുരുഷന്മാരേയും 3 സ്ത്രീകളേയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

അക്രമികളിലൊരാളുടെ മകളാണ് അറസ്റ്റിലായ ആറ് വയസുകാരിയെന്നാണ് പുറത്ത് വരുന്ന വിവരം. സൈനിക നീക്കത്തിനുള്ള പിന്തുണ തുടർന്നതിനാലാണ് ഛോ ഹടുൻ ഓംഗിനെ കൊലപ്പെടുത്തിയതെന്നാണ് സൈനിക ഭരണത്തെ എതിർക്കുന്ന ഗോൾഡൻ വാലി വാരിയേർസ് എന്ന വിമത സംഘടന വിശദമാക്കിയത്. എന്നാൽ വിമത സംഘടനകൾക്ക് പുറത്താക്കപ്പെട്ട നിഴൽ സർക്കാറിന്റെ പിന്തുണയുണ്ടെന്നാണ് സൈന്യം ആരോപിക്കുന്നത്.

ആങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ സൈന്യം അട്ടിമറിച്ചതിന് പിന്നാലെ 29000 പേരെ സൈന്യം അറസ്റ്റ് ചെയ്തതായാണ് റോയിട്ടേഴ്സ് വിശദമാക്കുന്നത്. ഇതിൽ ആറായിരം പേർ സ്ത്രീകളാണെന്നും അറുനൂറ് പേർ കുട്ടികളാണെന്നുമാണ് പ്രാദേശിക സംഘടനകളിൽ നിന്ന് ലഭ്യമാകുന്ന വിവരത്തെ അസ്പദമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 1646 സ്ത്രീകളും 825 കുട്ടികളും അടക്കം 6700 ഓളം പേരാണ് മ്യാൻമറിൽ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പുറത്ത് വരുന്നത്. എന്നാൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതല്ല സൈന്യത്തിന്റെ ആക്രമണം എന്നും ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടാണ് ജണ്ടയുടെ ആക്രമണമെന്നുമാണ് സൈന്യം വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം