മ്യാന്മറിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉക്രുലിന് 27 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

ദില്ലി: മ്യാന്മറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലിൽ നിന്നും 27 കിലോമീറ്റർ അകലെ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാഗാലാൻ്റിലെ വോഖയിൽ നിന്ന് 155 കിലോമീറ്റർ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്‌ചുങിലേക്ക് 177 കിലോമീറ്ററും മിസോറാമിലെ ഗോപയിലേക്ക് 171 കിലോമീറ്ററും ചംപായിലേക്ക് 193 കിലോമീറ്ററും ദൂരമുണ്ട്.

ചൊവ്വാഴ്ച രാത്രി 12.09 ഓടെ മഹാരാഷ്ട്രയിലെ സതാരയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കോലാപൂറിൽ നിന്ന് 91 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ അരുണാചൽ പ്രദേശിലെ പാങ്ഗിനിൽ നിന്ന് 227 കിലോമീറ്റർ അകലെയുള്ള തിബറ്റിലെ സ്ഥലത്ത് പുലർച്ചെ 4.28 ന് റിക്ടർ സ്കെയിലിൽ 3.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതിന് ശേഷമാണ് മ്യാന്മറിലും ഭൂകമ്പം അനുഭവപ്പെട്ടത്.