അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ, ഇറാനിയൻ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താൽക്കാലിക ലൈസൻസ് നൽകി. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയൻ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് ഈ താൽക്കാലിക ലൈസൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസൻസ് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്‍റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉത്പാദനവും വിതരണവും വിൽപ്പനയും ഓഗസ്റ്റ് 21 വരെ അനുവദിക്കും. സ്വിറ്റ്സർലൻഡിൽ നിർണായക ചർച്ച പുരോഗമിക്കുന്നതിനിടെ ആണ് യുഎസിന്റെ ഈ നീക്കം. അതിനിടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഇൻസ്പെക്ടർമാർക്ക് രാജ്യത്ത് പരിശോധന നടത്താൻ അനുമതി നൽകുമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് 60 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇറാനിയൻ എണ്ണ യുഎസിലേക്ക് കൊണ്ടുവരാം

കഴിഞ്ഞ ആഴ്ച യുഎസും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കായി പ്രത്യേക ഇളവുകൾ നൽകാൻ അമേരിക്ക സമ്മതിച്ചിരുന്നു. ബാങ്കിംഗ് ഇടപാടുകൾ, ഇൻഷുറൻസ്, ഗതാഗതം എന്നിവയുൾപ്പെടെയുള്ള അനുബന്ധ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുറപ്പെടുവിച്ച പൊതു ലൈസൻസ് പ്രകാരം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനും അനുവാദമുണ്ട്. വിൽപ്പനയോ വിതരണമോ പൂർത്തിയാക്കാൻ ആവശ്യമായ ഘട്ടങ്ങളിൽ ഇറാനിയൻ എണ്ണ യുഎസിലേക്ക് കൊണ്ടുവരാമെന്ന് ലൈസൻസിൽ വ്യക്തമാക്കുന്നു. അതേസമയം അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഉത്തര കൊറിയ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള യാതൊരുവിധ ഇടപാടുകൾക്കും ഈ താൽക്കാലിക ലൈസൻസ് വഴി അനുമതി നൽകിയിട്ടില്ലെന്നും യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.