ആഡംബര റിസോര്‍ട്ടില്‍ ദമ്പതികളുടെ ദുരൂഹ മരണം; അഞ്ച് വര്‍ഷത്തിനിപ്പുറം ചുരുളഴിഞ്ഞതിങ്ങനെ...
വിഷ വാതകം ശ്വസിച്ചതാണ് മരണം കാരണം എന്നല്ലാതെ എങ്ങനെ ആ വാതകം മുറിയിലെത്തി എന്ന് ഇക്കാലമത്രയും കണ്ടിപിടിക്കാനായിരുന്നില്ല.

ലണ്ടന്‍: ആഡംബര റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദമ്പതികളുടെ മരണ കാരണം അഞ്ച് വര്‍ഷത്തിനു ശേഷം തെളിഞ്ഞു. ഡൈക്ലോറോ മീഥേൻ അടങ്ങിയ കീടനാശിനി ശ്വസിച്ചതാണ് മരണമെന്നാണ് തെളിഞ്ഞത്.
ഈജിപ്തിലെ ഒരു ആഡംബര റിസോർട്ടിൽ 2018ലാണ് സംഭവമുണ്ടായത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വൃദ്ധ ദമ്പതികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 69 കാരനായ ജോൺ കൂപ്പറിനെയും 63 കാരിയായ ഭാര്യ സൂസനെയുമാണ് സ്റ്റീഗൻബർഗർ അക്വാ മാജിക് ഹോട്ടലിലെ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടനടി വൈദ്യസഹായം നൽകിയിട്ടും ജോൺ കൂപ്പർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സൂസൻ ഏതാനും മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ഇരുവരുടെയും മരണത്തിന് കാരണമെന്തെന്ന് കണ്ടുപിടിക്കാന്‍ ഇക്കാലമത്രയും കഴിഞ്ഞിരുന്നില്ല. കൊലപാതകമാണോ അതോ ജീവനൊടുക്കിയതാണോ എന്നു വരെ പൊലീസ് സംശയിച്ചു. വിഷ വാതകം ശ്വസിച്ചതാണ് മരണം കാരണം എന്നല്ലാതെ എങ്ങനെ ആ വാതകം മുറിയിലെത്തി എന്ന് ഇക്കാലമത്രയും കണ്ടിപിടിക്കാനായിരുന്നില്ല. ഇംഗ്ലണ്ടിലെ ലാങ്ക്‍ഷെഷെയറിലെ ഡോക്ടര്‍ ജെയിംസ് അഡെലിയാണ് ഒടുവില്‍ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ദുരൂഹത കണ്ടെത്തിയത്.
ദമ്പതികളുടെ തൊട്ടടുത്ത മുറിയില്‍ മൂട്ടകളെ ഇല്ലാതാക്കാനുള്ള കീടനാശിനി പ്രയോഗിച്ചിരുന്നു. ചില രാജ്യങ്ങളിൽ ഈ കീടനാശിനി ഡൈക്ലോറോ മീഥേൻ ഉപയോഗിച്ച് ലയിപ്പിച്ചാണ് ഉപയോഗിക്കുക. കീടനാശിനി പ്രയോഗിച്ച മുറി, വാതിലിന് ചുറ്റും ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാലും ദമ്പതികളുടെ റൂമിലേക്ക് ഈ മുറിയില്‍ നിന്ന് ഒരു വാതിലുണ്ടായിരുന്നു. ഈ വാതിലിലെ നേരിയ വിടവ് വഴിയാണ് ഡൈക്ലോറോ മീഥേൻ അടങ്ങിയ കീടനാശിനി ദമ്പതികളുടെ മുറിയിലേക്ക് പ്രവേശിച്ചത്. ഈ കീടനാശിനി ശ്വസിച്ചതോടെയാണ് ഇരുവരുടെയും നില ഗുരുതരമായത്.
മാതാപിതാക്കളുടെ മരണത്തിന് ഇടയാക്കിയ സാഹചര്യമെന്തെന്ന് അന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മകൾ കെല്ലി ഒർമെറോഡ് പറഞ്ഞു. അവധിക്കാലത്ത് കെല്ലിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിലായിരുന്നു ഈ വര്‍ഷങ്ങളിലെല്ലാം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും കെല്ലി പറഞ്ഞു.
മരണ കാരണം ഒടുവില്‍ കണ്ടെത്തി. എന്നാല്‍ മാതാപിതാക്കളുടെ മരണ ശേഷം കുടുംബം അനുഭവിച്ച വേദനയ്ക്കും നഷ്ടത്തിനും പരിഹാരമില്ലെന്ന് കെല്ലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം