കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്‌ സൂറണ്‍ബേ ജീന്‍ബെക്കോവ്‌ തലസ്ഥാനമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്‌ഹായ്‌ ഉച്ചകോടിക്കിടെ മോദിക്ക്‌ 'കുട പിടിച്ച്‌' നീങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌.

ദില്ലി: തനിക്ക്‌ വേണ്ടി കുട പിടിക്കുന്ന രണ്ട്‌ രാഷ്ട്രത്തലവന്മാര്‍ക്കൊപ്പവും വിനയാന്വിതനായി കാണപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളിലൊന്ന്‌. ദിവസങ്ങളുടെ വ്യത്യാസത്തിലാണ്‌ രണ്ട്‌ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്‌.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്‌ സൂറണ്‍ബേ ജീന്‍ബെക്കോവ്‌ തലസ്ഥാനമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്‌ഹായ്‌ ഉച്ചകോടിക്കിടെ മോദിക്ക്‌ കുട പിടിച്ച്‌ നീങ്ങുന്ന ചിത്രം കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌. സുരക്ഷാ ജീവനക്കാരാണ്‌ സാധാരണ ലോകനേതാക്കളെ കുട ചൂടിക്കാറുള്ളത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏറ്റവും ഹൃദ്യമായ വരവേല്‍പ്പാണ്‌ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ്‌ മോദിക്കായി ഒരുക്കിയത്‌. ഉച്ചകോടി വേദിയിലേക്ക്‌ മോദി എത്തുന്ന നേരത്ത്‌ മഴ പെയ്‌തപ്പോഴാണ്‌ അപൂര്‍വ്വ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ അവസരം ലഭിച്ചത്‌.

കഴിഞ്ഞ ഞായറാഴ്‌ച്ച മോദി ശ്രീലങ്ക സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന അദ്ദേഹത്തെ കുട ചൂടിക്കുന്ന ചിത്രം ട്വിറ്ററിലൂടെയാണ്‌ പുറത്തുവന്നത്‌. സിരിസേന തന്നെയാണ്‌ ചിത്രം പങ്കുവച്ചത്‌. 'മഴയായാലും വെയിലായാലും താങ്കളോടൊപ്പം' എന്നാണ്‌ ചിത്രത്തിന്‌ വിദേശകാര്യ വക്താവ്‌ രവീഷ്‌ കുമാര്‍ അന്ന്‌ നല്‍കിയ കമന്റ്‌.

Scroll to load tweet…