ഐസ്‌ലൻഡിലെ പെട്ടെന്നുള്ള മഞ്ഞുരുകലും തൊട്ടുപിന്നാലെ വരുന്ന അതിശക്തമായ തണുപ്പും കൊതുകുകളുടെ വളർച്ചാ ഘട്ടത്തെ തടസ്സപ്പെടുത്തിയിരുന്നു. ഈ പ്രകൃതിദത്തമായ തടസ്സമാണ് ഇത്രയും കാലം ഐസ്‌ലൻഡിനെ കൊതുകുകളിൽ നിന്ന് സംരക്ഷിച്ചിരുന്നത്

റെയ്ക്യവിക്: കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി, ഭൂമിയിൽ കൊതുകുകളില്ലാത്ത അവസാന സുരക്ഷിത താവളമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഐസ്‌ലൻഡിലും കൊതുക് ശല്യം. ഭൂമിയിൽ കൊതുകുകളുടെ ശല്യമില്ലാത്ത അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു ഐസ്‌ലൻഡ്. എന്നാൽ ഈ അടുത്താണ് ഐസ്‌ലൻഡിലെ കിഴക്കൻ മേഖലകളിൽ കൊതുകുകളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. പ്രധാനമായും കുലിസെറ്റ അനുലേറ്റ എന്നറിയപ്പെടുന്ന കൊതുകുകളെയാണ് അവിടെ കണ്ടെത്തിയിരിക്കുന്നത്. ഇവ തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.

Add Asianetnews as a Preferred SourcegooglePreferred

മറ്റ് ആർട്ടിക് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഐസ്‌ലൻഡിലെ കാലാവസ്ഥ കൊതുകുകൾക്ക് അതിജീവിക്കാൻ പ്രയാസമുള്ളതായിരുന്നു. കൊതുകുകളുടെ ലാർവകൾക്ക് വളരാൻ കൃത്യമായ താപനില ആവശ്യമാണ്. ഐസ്‌ലൻഡിലെ പെട്ടെന്നുള്ള മഞ്ഞുരുകലും തൊട്ടുപിന്നാലെ വരുന്ന അതിശക്തമായ തണുപ്പും കൊതുകുകളുടെ വളർച്ചാ ഘട്ടത്തെ തടസ്സപ്പെടുത്തിയിരുന്നു. ഈ പ്രകൃതിദത്തമായ തടസ്സമാണ് ഇത്രയും കാലം ഐസ്‌ലൻഡിനെ കൊതുകുകളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. ആഗോളതാപനം മൂലം ഐസ്‌ലൻഡിലെ താപനില വർദ്ധിക്കുന്നതാണ് പെട്ടന്നുള്ള മാറ്റത്തിന് പ്രധാന കാരണം. ഐസ്‌ലൻഡിലെ മഞ്ഞുരുകൽ പ്രക്രിയയിൽ വന്ന മാറ്റങ്ങൾ കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കി. കൂടാതെ, മനുഷ്യരുടെ യാത്രകളും ചരക്ക് നീക്കങ്ങളും കൊതുകുകൾ പുതിയ ഇടങ്ങളിലേക്ക് എത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു.

കൊതുകുകളുടെ ഈ വരവ് കേവലം ഒരു പ്രാണിയുടെ സാന്നിധ്യം മാത്രമല്ല, മറിച്ച് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഴം വ്യക്തമാക്കുന്ന സൂചന കൂടിയാണ്. ഇതുവരെ സുരക്ഷിതമായിരുന്ന ആവാസവ്യവസ്ഥകൾ പോലും തകിടം മറിയുന്നു എന്നതിന്റെ തെളിവാണിത്. കൊതുകുകൾ വർദ്ധിക്കുന്നത് പക്ഷികൾക്കും മറ്റ് വന്യജീവികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം രോഗങ്ങൾ പടരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്നാണ് ദി ജേണൽ സയൻസ് ഗവേഷകർ വിഷദമാക്കുന്നത്. നിലവിൽ അന്റാർട്ടിക്ക മാത്രമാണ് കൊതുകുകൾ ഇല്ലാത്ത ഭൂമിയിലെ ഏക പ്രദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം