ലാഹോർ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നില ​ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു. ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് നവാസ് ഷരീഫ് എന്ന് ഷരീഫിന്റെ പേഴ്സണൽ ഫിസിഷ്യൻ ഡോക്ടർ അദ്നാൻ ഖാൻ അറിയിച്ചു.

ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് 69കാരനായ ഷരീഫിനെ ലാഹോറിലെ സര്‍വ്വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചതിനാൽ പ്രവർത്തനവും തടസപ്പെടുന്നുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും കൂടിയളവിലാണെന്നും അദ്നാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

\

ഷരീഫിന്റെ ആരോ​ഗ്യനില സംബന്ധിച്ചുള്ള പരിശോധനകൾ തുടരുകയാണ്. ദിനംപ്രതി നില വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 107 കിലോ ഭാരമുണ്ടായിരുന്ന ഷരീഫിന്റെ ഭാരം 100 ആയി കുറഞ്ഞതായും ഡോക്ടർമാർ അറിയിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഷരിഫിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Read More:പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

ചൗധരി ഷുഗർമിൽ അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിലാണ് ഷരീഫ്. മൂന്നുതവണ പാകിസ്താൻ പ്രധാനമന്ത്രിയായ ഷരീഫ് കോട്ട് ലാഖ്പത് ജയിലിലാണ് ഏഴുവർഷത്തെ ശിക്ഷയനുഭവിച്ചുവരുന്നത്.