പോഷകാഹാരക്കുറവ് മൂലം ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിലാണ്. ഭക്ഷണമില്ലാതെ നിരവധി പേർ മരിച്ചുവീണു.

ഗാസ: ഇസ്രായേൽ ഉപരോധം കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിൽ. പോഷകാഹാരക്കുറവ് മൂലം ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭക്ഷണമില്ലാതെ ഒമ്പത് പേർ നഗരത്തിൽ മരിച്ചുവീണു. ഒരു നേരത്തെ ഭക്ഷണത്തിനായി ക്യൂ നിന്ന് കരഞ്ഞുകേഴുന്ന പലസ്തീനിയൻ കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

തുടർച്ചയായ ആക്രമണങ്ങൾക്കു പിന്നാലെ ഇസ്രായേൽ ഉപരോധവും കടുപ്പിച്ചതോടെയാണ് ഗാസ കൊടും പട്ടിണിയുടെ പിടിയിലമർന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 110-ൽ അധികം പേർ ഇതിനോടകം പട്ടിണി മൂലം മരണപ്പെട്ടു. ഇതിൽ 80 കുട്ടികളാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചുവീണത്. ആറ് കുട്ടികളുടെ അമ്മയായ സനയുടെ കഥ, കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരുടെ ദുരിതത്തിൻ്റെ നേർചിത്രമാണ്. നൂറിലധികം മനുഷ്യാവകാശ സംഘടനകൾ ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിനിർത്തലിനോട് മുഖം തിരിക്കുന്നത് ഹമാസ് ആണെന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ദുർവിധിയുടെ ആകാശത്ത് തീമഴ പെയ്യുമ്പോഴും മരണത്തെ മുഖാമുഖം കാണുമ്പോഴും ഒരു നല്ല നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ജനത. വരും തലമുറയെയാണ് ഇസ്രായേൽ കൊടുംപട്ടിണിയിലൂടെ ഉന്മൂലനം ചെയ്യുന്നത്.