മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്കും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾക്കും പരിഹാരം കാണണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ഇസ്ലാമബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ പാകിസ്ഥാൻ മധ്യസ്ഥം വഹിക്കുന്ന ചർച്ചകൾക്കായി ഇറാൻ പ്രതിനിധി ഇസ്ലാമബാദിലെത്തി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, സെൻട്രൽ ബാങ്ക് ഗവർണർ, സൈനിക സാമ്പത്തിക രംഗത്തെ പ്രമുഖർ എന്നിവരും ഈ സംഘത്തിലുണ്ട്. വെള്ളിയാഴ്ചയാണ് ഇറാൻ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്. ഇറാൻ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ അമേരിക്ക പാലിച്ചാൽ മാത്രമാകും സമാധാന ചർച്ചകളുമായി മുന്നോട്ട് പോകൂവെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ആണ് ഇറാന്റെ പ്രതിനിധി സംഘത്തെ നയിക്കുന്നത്. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്കും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾക്കും പരിഹാരം കാണണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഇതിന് പുറമേ ലബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകിട്ടണമെന്നും സ്പീക്കർ ഖാലിബാഫ് സമാധാന ചർച്ചകൾക്ക് മുന്നോടിയായി ആവശ്യപ്പെട്ടിട്ടുള്ളത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്ക് തിരിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങളിൽ പാകിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസം ചർച്ചകളെ ബാധിച്ചേക്കാനുള്ള സാധ്യതയും നയതന്ത്ര വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്ന കാര്യത്തിൽ വൈറ്റ് ഹൗസ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം ഒഴിവാക്കണമെന്നും മിസൈൽ പദ്ധതികൾ നിർത്തലാക്കണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയാണിത്.
ലെബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വ്യാഴാഴ്ച നിർദ്ദേശം നൽകിയിരുന്നു. ലെബനനിലെ വെടിനിർത്തൽ കൂടി സമാധാന കരാറിന്റെ ഭാഗമാകണമെന്ന ഇറാന്റെ നിബന്ധന നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിലയിരുത്തൽ.ശനിയാഴ്ച നടക്കുന്ന ചർച്ചയിലേക്ക് ഉറ്റുനോക്കുന്നത് പശ്ചിമേഷ്യൻ സംഘർഷത്തിൽ വലഞ്ഞ ലോകരാജ്യങ്ങളാണ്.


