ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ യു.എ.ഇ പ്രസിഡന്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 7ലെ ആക്രമണത്തിന് മുൻപ് യു.എ.ഇ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവാദങ്ങൾക്കിടെയാണ് ഈ സന്ദർശനം. യുദ്ധസാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിന്റെ സൂചനയാണിത്.

ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ബെൻ-ഗുറിയൻ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അബുദാബിയിലെത്തിയ നെതന്യാഹു ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇവിടെ ചെലവഴിച്ചത്. പിന്നീട് ഇസ്രായേലിലേക്ക് തന്നെ മടങ്ങി. ഇരു നേതാക്കളും തമ്മിൽ നാല് മണിക്കൂറോളം ചർച്ച നടത്തി. എന്നാൽ സന്ദർശനത്തിന്റെ അജണ്ടയെക്കുറിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പത്ത് ദിവസം മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് രഹസ്യ കൂടിക്കാഴ്ച നടന്നത്. ഹമാസിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് വിവരമറിയിക്കാൻ ബിൻ സായിദ് നെതന്യാഹുവിനെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരം ഇസ്രായേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ നെതന്യാഹു കൈമാറിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും ദുരുദ്ദേശ്യപരമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. അത്തരം ഫോൺ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സുരക്ഷാ സ്ഥാപനങ്ങൾ വഴിയാണ് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതെന്നും ഭരണത്തലവന്മാർ നേരിട്ട് ഇത്തരം മുന്നറിയിപ്പുകൾ നൽകാറില്ലെന്നും യു.എ.ഇ ഭരണകൂടവും വ്യക്തത വരുത്തിയിരുന്നു.

മേഖലയിൽ യുദ്ധവും സംഘർഷങ്ങളും നിലനിൽക്കുമ്പോഴും അബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള സഹകരണം തുടരുന്നതിന്റെ സൂചനയായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്. കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിൽ ആശയവിനിമനം നടക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ സന്ദർശനം.