നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത്, നെതന്യാഹുവിന്‍റെ മകനെ ഇസ്രയേലില്‍ 'കാണാനില്ല'
ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ മറ്റ് ഇസ്രയേല്‍ പൗരന്മാര്‍ വിദേശത്തുനിന്ന് തിരിച്ചുവരുമ്പോള്‍, പ്രധാനമന്ത്രിയുടെ മകന്‍ അമേരിക്കയിലെ ബീച്ചില്‍ ഉല്ലസിക്കുന്നു എന്നാണ് വിമര്‍ശനം

ടെല്‍ അവീവ്: ഇസ്രയേല്‍ - ഹമാസ് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് സജ്ജരായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ ഇസ്രയേലില്‍ ഇല്ല. സൈനിക സേവനത്തിനായി മുന്നിട്ടിറങ്ങിയവര്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തിയിലാണെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വർഷം ആദ്യം യായിർ ഫ്ലോറിഡയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 32 കാരനായ യായിറിന്‍റെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ മറ്റ് ഇസ്രയേല്‍ പൌരന്മാര്‍ വിദേശത്തുനിന്ന് തിരിച്ചുവരുമ്പോള്‍, പ്രധാനമന്ത്രിയുടെ മകന്‍ അമേരിക്കയിലെ ബീച്ചില്‍ ഉല്ലസിക്കുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ ആ ഫോട്ടോ സമീപ കാലത്തെയാണോ എന്ന് വ്യക്തമല്ല. അതേസമയം യായിര്‍ നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലില്‍ ഇല്ലാത്തതില്‍ സൈനികര്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
"ഞാനിവിടെ യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ യായിര്‍ ബീച്ചിൽ ജീവിതം ആസ്വദിക്കുകയാണ്. ഞങ്ങള്‍ ജോലിയും കുടുംബവും ഉപേക്ഷിച്ച് രാജ്യത്തെ സംരക്ഷിക്കാനിറങ്ങി"- ഒരു സന്നദ്ധ സേവകന്‍ പറഞ്ഞു. ഗാസയുടെ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഒരാള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ- "എനിക്ക് അമേരിക്കയില്‍ ജോലിയും ജീവിതവും കുടുംബവുമുണ്ട്. ഈ നിർണായക ഘട്ടത്തിൽ എനിക്ക് അവിടെ താമസിക്കാനും എന്റെ രാജ്യത്തെയും ജനങ്ങളെയും ഉപേക്ഷിക്കാനും കഴിയില്ല. ഈ സമയത്ത് പ്രധാനമന്ത്രിയുടെ മകൻ എവിടെ? എന്തുകൊണ്ടാണ് അദ്ദേഹം ഇസ്രയേലിൽ ഇല്ലാത്തത്? ഇസ്രയേലികളായ ഞങ്ങൾ ഏറ്റവും ഐക്യപ്പെടുന്ന നിമിഷമാണിത്. പ്രധാനമന്ത്രിയുടെ മകൻ ഉൾപ്പെടെ നാമോരോരുത്തരും ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കണം"
യായിർ നെതന്യാഹുവിന്‍റെ മൂന്നാമത്തെ ഭാര്യ സാറയുടെ മകനാണ്. ഇസ്ലാം വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ യായിര്‍ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. "എല്ലാ മുസ്ലിങ്ങളും പോകും" വരെ ഇസ്രയേലിൽ സമാധാനം ഉണ്ടാകില്ലെന്ന് പോസ്റ്റിട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ചെയ്യപ്പെട്ടു. പലസ്തീനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യരുടെ രൂപത്തിലുള്ള രാക്ഷസന്മാരുമായി ഒരിക്കലും സമാധാനം സാധ്യമാകില്ല എന്നായിരുന്നു യായിറിന്റെ മറ്റൊരു പോസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം