റോം: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 മരണങ്ങൾ കൂടുകയാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ ഒരാഴ്ചയ്ക്കിടെ 4600 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. 

ചൈനയിൽ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനിൽ 24 മണിക്കൂറിനിടെ 1200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനിൽ മരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിനിടെ വത്തിക്കാനിലും, സെർബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 80 വയസ്സുകാരൻ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി 8.3 ബില്ല്യൺ ഡോളർ അനുവദിച്ച് കൊണ്ടുള്ള അടിയന്തിര ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പിട്ടു. വെള്ളിയാഴ്ച മാത്രം 200 കേസുകൾ റിപ്പോർട്ട് ചെയ്ത ഫ്രാൻസിൽ ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി.

Also Read: കൊവിഡ് 19 ജാഗ്രത തുടരുന്നു; കേന്ദ്ര ആരോഗ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി നടപടികൾ വിലയിരുത്തി