നാടകീയ സംഭവങ്ങളാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ (Pakistan) ഇമ്രാന്‍ ഖാന്‍ (Imran Khan) സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഭരണഘടനയ്ക്ക് എതിരാണ് അവിശ്വാസ പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരി അറിയിച്ചു. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന്‍ ആവില്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്.സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടം വിട്ടിറങ്ങി. അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടനാ ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ അസംബ്ലിയിൽ തുടരുമെന്നും പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. ഡെപ്യുട്ടി സ്പീക്കറുടെ ഭരണഘടനാ വിരുദ്ധ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല.
ഉചിതമായ തീരുമാനം എടുത്തതിന് ഡെഡെപ്യുട്ടി സ്പീക്കർക്ക് നന്ദിയറിയിച്ച് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്‍റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്ന് രാജ്യത്തെ ഇമ്രാൻ അറിയിച്ചു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴി. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രഖ്യാപിച്ചു. അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി അസംബ്ലി മന്ദിരത്തിന് മുമ്പില്‍ കനത്ത സുരക്ഷാവലയം ഒരുക്കിയിരുന്നു. ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നൂറിലധികം നിയമസഭാംഗങ്ങൾ ഒപ്പിട്ടു.
