ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണം അഭൂതപൂർവമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ. യുഎസ് നിയമവിരുദ്ധ നടപടികൾ ആവർത്തിച്ചാൽ, അതേ പ്രതികരണം വീണ്ടുമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെഹ്റാൻ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്കെതിരായ ടെഹ്‌റാന്‍റെ ആക്രമണങ്ങൾ അഭൂതപൂർവമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. ഇറജ് ഇലാഹി. ഇത് വീണ്ടും ചെയ്യാൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രായേലുമായുള്ള തങ്ങളുടെ സംഘർഷത്തിൽ യുഎസിന്‍റെ ഇടപെടൽ ഇറാൻ മുൻകൂട്ടി കണ്ടിരുന്നു. അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ഇലാഹി പറഞ്ഞു.
ചരിത്രത്തിൽ ഒരു രാജ്യവും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചിട്ടില്ല. ഇറാൻ അത് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അതിനെ ഒരു പ്രതീകാത്മക പ്രതികരണമായി കണക്കാക്കാം, എന്നാൽ യുഎസ് നിയമവിരുദ്ധ നടപടികൾ ആവർത്തിച്ചാൽ, അതേ പ്രതികരണം വീണ്ടുമുണ്ടാകുമെന്ന് ഇറാനിയൻ പ്രതിനിധി പറഞ്ഞു. ശനിയാഴ്ച ഇറാന്‍റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി തിങ്കളാഴ്ച ഇറാൻ ഖത്തറിലെയും ഇറാഖിലെയും യുഎസ് വ്യോമതാവളങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. എന്നാൽ, മിക്ക മിസൈലുകളും തടയുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതുമില്ല.
അതേസമയം, 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്രയേൽ വ്യോമ പാത തുറന്നു. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.
പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനാണ് നിലവിൽ അന്ത്യമായത്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി അറിയാൻ സാധിച്ചതായാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.


