ബെയ്ജിംഗ്: ചൈനയുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കുമാകില്ലെന്ന് പ്രസിഡന്‍റ്  സീ ജിങ്‍പിങ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികമാഘോഷിക്കുന്ന വേളയിലാണ് സീ ജിങ്‍പിങിന്‍റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ചൈന സമ്പന്നവും ഒപ്പം ശക്തവുമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.

ചൈനയുടെ ശക്തിയെ ഒന്നിളക്കാന്‍ പോലും ഒരു ശക്തിക്കുമാകില്ല. ചൈനയിലെ ജനങ്ങളും രാജ്യവും മുന്നോട്ട് കുതിക്കുകയാണ്. ഏഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് മാവോ സേതൂങ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന പിറന്നതായി ലോകത്തോട് പറഞ്ഞത്. ഇതേ ദിവസമാണ് ചൈനയിലെ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റത്.

എപ്പോഴും സമാധാനത്തിലൂടെയുള്ള വികസനത്തിന്‍റെ പാതയില്‍ ചൈന നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികം ചൈന ആഘോഷിച്ചത്. എന്നാല്‍, ചൈയുടെ ഒരു പങ്ക്  ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്.

എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‍കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. തെരുവുകൾ യുദ്ധക്കളമായി. ജനക്കൂട്ടത്തിന് നേരേക്ക് പൊലീസ് വെടിയുതിർത്തു. ഒരു ചൈനാവിരുദ്ധ പ്രതിഷേധക്കാരന് നെഞ്ചിൽ വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റ് ചില പ്രതിഷേധക്കാർക്ക് റബ്ബർ ബുള്ളറ്റുകൾ കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ഇത്രയും കാലം പ്രതിഷേധം കൊണ്ട് ഹോങ്‍കോങിന്‍റെ തെരുവുകൾ കലാപമയമായപ്പോഴും പൊലീസ് അവർക്ക് നേരെ തോക്കുകളുപയോഗിച്ച് വെടിയുതിർത്തിരുന്നില്ല. 'ഒരൊറ്റ രാജ്യം' എന്ന ചൈനീസ് പ്രസിഡന്‍റ് സീ ജിങ്‍പിങിന്‍റെ പ്രഖ്യാപിതനയത്തെ ഒരിക്കലും ഹോങ്‍കോങ് അനുകൂലിച്ചിരുന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയിൽ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി ഹോങ്‍കോങ് മാറിയതും. 

കമ്മ്യൂണിസത്തിന്‍റെ 70-ാം വാർഷികത്തിലും കലാപമൊടുങ്ങാതെ ചൈന, സമരക്കാർക്ക് വെടിയേറ്റത് നെഞ്ചിൽ

കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മേഖലയിൽ പതാകയുയർത്തൽ ചടങ്ങൾ ഉൾപ്പടെ നടന്നിരുന്നു. ബീജിംഗിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷണിക്കപ്പെട്ട 12,000 കാണികളുടെ മുന്നിൽ ചൈന സ്വന്തം സൈനിക ശക്തിയുടെ ഔന്നത്യം പ്രകടമാക്കി. 30 മിനിറ്റ് കൊണ്ട് അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള, എട്ട് ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള മിസൈലടക്കം അണിനിരത്തിയായിരുന്നു ശക്തിപ്രഖ്യാപനം.