ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നൽകണമെന്നാണ് ട്രംപിന്‍റെ നിർദേശം

വാഷിങ്ടണ്‍: ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാർക്ക് നിർദേശങ്ങളുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടെക് കമ്പനികള്‍ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നിയമനം നടത്തുന്നത് നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ തുടങ്ങുന്നതും നിർത്തണം. ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നൽകണമെന്നാണ് ട്രംപിന്‍റെ നിർദേശം. ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കു വേണമെങ്കിലും ജോലി നല്‍കാമെന്ന നിലപാട് ശരില്ലെന്നും ട്രംപ് പറഞ്ഞു. ഈ സമീപനം കാരണം അമേരിക്കക്കാർ അവഗണന നേരിടുകയാണ്. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ഇനി അങ്ങനെയുണ്ടാവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അയർലണ്ട് പോലുള്ള രാജ്യങ്ങളിൽ വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുകയാണ് ടെക് കമ്പനികളെന്ന് ട്രംപ് വിമർശിച്ചു.

പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആ നാളുകള്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികള്‍ പൂര്‍ണമായും അമേരിക്കയ്ക്കൊപ്പം നില്‍ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ആദ്യ പരിഗണന അമേരിക്കയ്ക്ക് നൽകണം. അതുമാത്രമാണ് ആവശ്യമെന്നും ട്രംപ് പറഞ്ഞു.