വോൺസാൻ കൽമ തീരദേശ ടൂറിസ്റ്റ് മേഖലയിൽ ജൂലൈ നാണ് കടൽത്തീര റിസോ‍ർട്ട് തുറന്നത്. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ടൂറിസം വകുപ്പിന്റെ അറിയിപ്പ് എത്തുന്നത്. താൽക്കാലിക വിലക്കെന്നാണ് അറിയിപ്പ് വിശദമാക്കുന്നത്

പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ വിനോദ സഞ്ചാര മേഖലയിൽ നാഴികകല്ലാവുമെന്ന് കിം ജോംഗ് ഉൻ നിരീക്ഷിച്ച കടൽത്തീര റിസോർട്ടിൽ വിദേശ വിനോദ സഞ്ചാരികൾക്ക് വിലക്ക്. അടുത്തിടെ തുറന്ന റിസോർട്ടിലാണ് രാജ്യത്തിന് പുറത്തുനിന്നുള്ള സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് ഉത്തര കൊറിയ വിശദമാക്കിയത്. വോൺസാൻ കൽമ തീരദേശ ടൂറിസ്റ്റ് മേഖലയിൽ ജൂലൈ നാണ് കടൽത്തീര റിസോ‍ർട്ട് തുറന്നത്. ഉത്ഘാടനത്തിന് പിന്നാലെ തന്നേ തദ്ദേശീയരും വിദേശികളും ഒരുപോലെ ഇവിടേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ടൂറിസം വകുപ്പിന്റെ അറിയിപ്പ് എത്തുന്നത്. താൽക്കാലിക വിലക്കെന്നാണ് അറിയിപ്പ് വിശദമാക്കുന്നത്.

കഴിഞ്ഞ ആഴ്ച റഷ്യയിൽ നിന്നുള്ള ആദ്യ സഞ്ചാരി ഇവിടെ സന്ദർശിച്ചിരുന്നു. ഇതേ സമയത്ത് തന്നെ റഷ്യൻ വിദേശകാര്യ മന്ത്രി കിമ്മിനെ കാണാനായി ഉത്തര കൊറിയയിൽ എത്തിയിരുന്നു. സെർജി ലാവ്രോവ് കടൽത്തീര റിസോ‍ർട്ടിനെ മികച്ച സ്ഥലമെന്നാണ് വിശേഷിപ്പിച്ചത്. റഷ്യക്കാർക്കിടയിൽ ഇവിടെ പ്രശസ്തമാകുമെന്നും സെർജി ലാവ്രോവ് വിശദമാക്കിയിരുന്നു. മോസ്കോയിൽ നിന്ന് പ്യോംങ്യാംഗിലേക്ക് നേരിട്ട് വിമാന സർവ്വീസ് ഈ മാസം അവസാനം മുതൽ ആരംഭിക്കാനിരിക്കെയായിരുന്നു ഈ പരാമർശം.

ഉത്തര കൊറിയയുടെ കിഴക്കൻ മേഖലയിലുള്ള വോൻസാൻ നഗരത്തിലാണ് ഉത്തര കൊറിയയുടെ മിസൈൽ കേന്ദ്രങ്ങളും മാരിടൈം കോപ്ലെക്സുമുള്ളത്. ഈ മേഖലയിലാണ് കിം തന്റെ യവ്വന കാലം ചെലവിട്ടതെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ വിശദമാക്കുന്നത്. നാല് കിലോമീറ്റ‍ർ ദൂരത്തിൽ കടൽത്തീര ഭക്ഷണശാലകളും ആ‍ഡംബര ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും വാട്ടർപാർക്കും ഉൾക്കൊള്ളുന്നതാണ് ഈ മേഖല. ഒരേ സമയം 20000 പേരെ ഉൾക്കൊള്ളാനും കടൽത്തീര റിസോ‍ർട്ടിന് സാധിക്കും.

2018ലാണ് കടൽത്തീര റിസോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെ ജൂൺ 24ന് റഷ്യൻ അംബാസിഡർ റിസോർട്ടിന്റെ നിർമ്മാണം പൂർത്തിയായ ചടങ്ങിന്റെ ഭാഗമായിരുന്നു. കൊവിഡ് കാലത്ത് ആരംഭിച്ച വിലക്കിന് ശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് ഉത്തര കൊറിയ റഷ്യൻ വിനോദ സഞ്ചാരികളെ ഉത്തര കൊറിയയിലേക്ക് സന്ദർശനാനുമതി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം