Asianet News MalayalamAsianet News Malayalam

Squid Game : 'സ്ക്വിഡ് ഗെയിം' ഉത്തരകൊറിയയില്‍ എത്തിച്ചയാള്‍ക്ക് വധശിക്ഷ; കണ്ടവര്‍ ജയിലില്‍.!

വൈദേശിക സ്വധീനം കുറയ്ക്കാന്‍ അടുത്തി‌ടെ ഉത്തരകൊറിയയിൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് സ്ക്വിഡ് ഗെയിം പ്രചരിപ്പിച്ചയാള്‍ക്കും, കണ്ടവര്‍ക്കെതിരെയും നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

North Korean man who smuggled Squid Game into the country is to be executed by firing squad
Author
Pyongyang, First Published Nov 26, 2021, 9:32 AM IST
  • Facebook
  • Twitter
  • Whatsapp

പോങ്ക്യാഗ്: നെറ്റ്ഫ്ലിക്സിലൂടെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച സീരിസ് സ്ക്വിഡ് ​ഗെയിമിന്‍റെ (Squid Game) കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. ചൈന വഴി നെറ്റ്ഫ്ലിക്സ് സീരിസിന്‍റെ കോപ്പികൾ ഉത്തരകൊറിയയിൽ (North Korea) വിറ്റതിനാണ് രാജ്യത്തെ ഒരു പൗരനെ വധശിക്ഷയ്ക്ക് വിധിച്ചതായി ഫ്രീ റേഡിയോ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളില്‍ നിന്നും വാങ്ങി സ്വിക്ഡ് ​ഗെയിം കണ്ടവരെ ജയിൽ ശിക്ഷയ്ക്കും നിർബന്ധിത തൊഴില്‍ എടുക്കാനുള്ള ശിക്ഷയ്ക്കും വിധിച്ചയായും റിപ്പോർട്ട് പറയുന്നു. ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്.

ഉത്തരകൊറിയയില്‍ നിന്നും ഔദ്യോഗികമായി ഈ സംഭവത്തില്‍ സ്ഥിരീകരണമൊന്നും ഇല്ല. ചൈനയിൽ നിന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ സ്ക്വിഡ് ​ഗെയമിന്റെ പകർപ്പ് എത്തിച്ചത് എന്നാണ് കൊറിയന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തി അ‌ടച്ചിരിക്കുന്നതിൽ ഇത് എങ്ങനെ രാജ്യത്ത് എത്തി എന്നതില്‍ ഗൌരവമായ അന്വേഷണം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

സ്വിക്ഡ് ​ഗെയിം സീരിസ് പെൻഡ്രൈവിൽ കയറ്റിയതിന് ഒരു വിദ്യാർത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷയാണ് വിധിച്ചത് എന്നാണ് റിപ്പോര്‍ട്ട്, ഈ വിദ്യാര്‍ത്ഥിയില്‍ നിന്നും സീരീസ് കണ്ട ആറ് വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം തിരിച്ചറിയാതിരുന്ന സ്കൂൾ അധികൃതർക്ക് ശിക്ഷയായി ഖനികളിൽ നിർബന്ധിത ജോലി എന്ന ശിക്ഷയും നല്‍കിയിട്ടുണ്ട്. 

വൈദേശിക സ്വധീനം കുറയ്ക്കാന്‍ അടുത്തി‌ടെ ഉത്തരകൊറിയയിൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരമാണ് സ്ക്വിഡ് ഗെയിം പ്രചരിപ്പിച്ചയാള്‍ക്കും, കണ്ടവര്‍ക്കെതിരെയും നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ നിയമപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമയും മറ്റും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.

അതേ സമയം സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് 'സ്ക്വിഡ് ഗെയിം'  ആദ്യ സീസണ്‍ കൊണ്ട് അവസാനിക്കില്ല. സിരീസിന് അടുത്ത സീസണും ഉണ്ടായിരിക്കുമെന്ന് സിരീസിന്‍റെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് (Hwang Dong-hyuk) ആണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. എപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹ്വാങ് ഇക്കാര്യം ആദ്യമായി പറഞ്ഞിരിക്കുന്നത്. "ഞങ്ങള്‍ക്ക് മറ്റൊരു സാധ്യതയും മുന്നിലില്ല എന്ന തരത്തിലാണ് കാര്യങ്ങള്‍", അദ്ദേഹം എപിയോട് പറഞ്ഞു.

എന്നാല്‍ ഒരു രണ്ടാം ഭാഗത്തിനുവേണ്ടി തങ്ങള്‍ സമ്മര്‍ദ്ദങ്ങളൊന്നും നേരിട്ടില്ലെന്നും മറിച്ച് വലിയ ഡിമാന്‍റും സ്നേഹവുമാണ് ഉണ്ടായതെന്നും ഹ്വാങ് ഡോംഗ് ഹ്യുക് പറഞ്ഞു. "എന്‍റെ തലയ്ക്കകത്താണ് ഇപ്പോള്‍ അത്. എപ്പോഴാണെന്നും എങ്ങനെയാണെന്നുമൊക്കെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് ഇക്കാര്യം ഉറപ്പു നല്‍കാനാവും. ജി ഹുന്‍ (സ്ക്വിഡ് ഗെയിമിലെ കഥാപാത്രം) തിരിച്ചെത്തും. അദ്ദേഹം ലോകത്തിനുവേണ്ടി ചിലത് ചെയ്യും", സംവിധായകന്‍ പറയുന്നു.

സെപ്റ്റംബര്‍ 17നാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പണത്തിന് അങ്ങേയറ്റം ആവശ്യമുള്ള ഒരു കൂട്ടം മനുഷ്യര്‍ ചില കളികളില്‍ പങ്കെടുക്കാനുള്ള സമ്മതം അറിയിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതവും അപകടകരവുമായ ചിലതാണ് അവരെ കാത്തിരിക്കുന്നത്. ഇതാണ് സിരീസിന്‍റെ രത്നച്ചുരുക്കം. സിരീസുകളുടെ കണക്കെടുത്താല്‍ നെറ്റ്ഫ്ളിക്സിന്‍റെ എക്കാലത്തെയും വലിയ വിജയമായാണ് സ്ക്വിഡ് ഗെയിം നിലവില്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്. 

Follow Us:
Download App:
  • android
  • ios