2018-ല്‍  കിരീടാവകാശിയുടെ എസ്റ്റേറ്റില്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്നതാണ് ഒരു കേസ്. മറ്റൊന്ന് 2024-ല്‍ മറ്റൊരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്നതാണ്. ഇതോടൊപ്പം, മുന്‍ കാമുകിയെ  പീഡിപ്പിച്ചു എന്ന കേസിലും ഹൊയ്ബി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഓസ്‌ലോ: നോര്‍വേയിലെ കിരീടാവകാശിയുടെ മകനെ ബലാല്‍സംഗ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. രണ്ട് കേസുകളിലായി ഈ 29-കാരന് നാല് വര്‍ഷം തടവുശിക്ഷയും വിധിച്ചു. നോര്‍വേയിലെ കിരീടാവകാശി മെയ്റ്റ് മാരിറ്റ് രാജകുമാരിയുടെ മകന്‍ മാരിയസ് ബോര്‍ഗ് ഹൊയ്ബിയാണ് ബലാല്‍സംഗ കേസുകളില്‍ അകത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓസ്ലോ ഡിസ്ട്രിക്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് ബലാല്‍സംഗ കേസുകളാണ് ഹെയ്ബിക്കെതിരെ ചുമത്തപ്പെട്ടത്. കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാര്‍ രണ്ട് ബലാത്സംഗക്കുറ്റങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നാല്‍, രണ്ട് കേസുകളില്‍ ഹൊയ്ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

നാല് ബലാത്സംഗ ആരോപണങ്ങളും ഹൊയ്ബി നിഷേധിച്ചിരുന്നു, എന്നാല്‍ ഇതില്‍ രണ്ട് ബലാത്സംഗ കേസുകളില്‍ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018-ല്‍ സ്‌കൗഗത്തിലെ കിരീടാവകാശിയുടെ എസ്റ്റേറ്റില്‍ വെച്ച് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്നതാണ് ഒരു കേസ്. മറ്റൊന്ന് 2024-ല്‍ ഓസ്ലോയില്‍ വെച്ച് മറ്റൊരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്നതാണ്. ഇതോടൊപ്പം, മുന്‍ കാമുകിയും നോര്‍വീജിയന്‍ ഇന്‍ഫ്‌ലുവന്‍സറുമായ നോറ ഹൗക്ലാന്‍ഡിനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലും ഹൊയ്ബി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഓസ്ലോയിലെ ഒരു ഹോട്ടലില്‍ കണ്ടുമുട്ടിയ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ്, 2023-ല്‍ ലോഫോട്ടന്‍ ദ്വീപുകളില്‍ മറ്റൊരു സ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ് എന്നിവയില്‍നിന്നും ഹെയ്ബിയെ കോടതി കുറ്റവിമുക്തനാക്കി.

ഹൊയ്ബിക്ക് ഏഴ് വര്‍ഷവും ഏഴ് മാസവും തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ 18 മാസത്തെ കുറഞ്ഞ ശിക്ഷയ്ക്കായി വാദിച്ചു. തുടര്‍ന്നാണ് നാലുവര്‍ഷം ശിക്ഷ വിധിച്ചത്. വിധി പറയുമ്പോള്‍ ഹൊയ്ബി കോടതിയില്‍ നേരിട്ട് ഹാജരായിരുല്ല. ഓണ്‍െൈലെന്‍ വഴിയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്.

മെയ്റ്റ് മാരിറ്റ് രാജകുമാരിയുടെ മുന്‍ വിവാഹ ബന്ധത്തിലുള്ള മകനാണ് മാരിയസ് ബോര്‍ഗ് ഹൊയ്ബി. ഹൊയ്ബക്ക് നാല് വയസ്സുള്ളപ്പോഴാണ് അമ്മ രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയത്. രാജകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും, ഹൊയ്ബിക്ക് രാജകീയ പദവിയില്ല.

ഹൊയ്ബിയുടെ അമ്മ മെയ്റ്റ് മാരിറ്റ് രാജകുമാരി ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്, തുടര്‍ന്ന്, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുകയാണ് അവര്‍. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനായി ഹൊയ്ബിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പലതവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഇക്കാര്യം അംഗീകരിച്ചില്ല.