നോർവേയിൽ ജോലി ചെയ്യുന്ന വിനോദ് എന്ന ഇന്ത്യക്കാരൻ, അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന്റെ മാനേജർ ആശങ്ക പ്രകടിപ്പിച്ചു. ജീവനക്കാരുടെ 'വർക്ക്-ലൈഫ് ബാലൻസ്' പ്രധാനമാണെന്നും ലീഡർമാർ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും ഉപദേശിച്ച ഈ സംഭവം, വ്യത്യസ്ത തൊഴിൽ സംസ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി.
സമർപ്പണത്തെയും കഠിനാധ്വാനത്തെയും കുറിച്ചുള്ള തന്‍റെ പരമ്പരാഗത ബോധ്യങ്ങളെ ചോദ്യം ചെയ്ത ഒരു അനുഭവം പങ്കുവെച്ച് കൊണ്ട്, നോർവേയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടു. വിനോദ് എന്ന് പേരുള്ള ഈ വ്യക്തി, 15 വർഷം മുമ്പ് നോർവേയിലേക്ക് താമസം മാറ്റിയപ്പോൾ അവിടുത്തെ തികച്ചും വ്യത്യസ്തമായ തൊഴിൽ സംസ്കാരം തന്നെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഓർത്തെടുക്കുന്നത്.
ഞാനൊരു കഠിനാധ്വാനി
ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന അതേ തൊഴിൽ ശീലങ്ങളോടെയാണ് വിനോദ് നോർവേയിൽ എത്തിയത്. അവധി ദിവസങ്ങളിൽ ജോലി ചെയ്യുക, ഉച്ചഭക്ഷണത്തിനുള്ള ഇടവേളകൾ ഒഴിവാക്കുക, ഓഫീസിൽ ഏറെ നേരം വൈകിയിരിക്കുക, സുഖമില്ലാത്തപ്പോഴും ജോലി തുടരുക എന്നിവയൊക്കെ അദ്ദേഹത്തിന് പതിവായിരുന്നു. ഇത്തരം പ്രവർത്തികൾ തന്‍റെ ജോലിയോടുള്ള പ്രതിബദ്ധതയും പ്രൊഫഷണലിസവുമാണ് കാണിക്കുന്നത് എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ, തന്‍റെ മാനേജരുമായി നടത്തിയ തികച്ചും അപ്രതീക്ഷിതമായ ഒരു സംഭാഷണം അദ്ദേഹത്തിന്‍റെ ഈ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിമറിച്ചു. ഒരു ദിവസം ബോസ് അദ്ദേഹത്തെ മുറിയിലേക്ക് വിളിച്ചപ്പോൾ, തന്‍റെ കഠിനാധ്വാനത്തെ അഭിനന്ദിക്കാനായിരിക്കും എന്നാണ് വിനോദ് കരുതിയത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു.
ലീവെടുക്കണം, മാതൃകയാവണം
വിനോദ് ഒരു ശനിയാഴ്ച ഇമെയിലുകൾക്ക് മറുപടി നൽകിയതും, ഒരു പ്രോജക്റ്റ് പൂർത്തിയാക്കാൻ വേണ്ടി തന്‍റെ അവധി റദ്ദാക്കിയതും ശ്രദ്ധയിൽപ്പെട്ട മാനേജർ, അതിലുള്ള ആശങ്കയായിരുന്നു വിനോദുമായി പങ്കുവെച്ചത്. "കൃത്യമായി അവധിയെടുക്കുക എന്നത് അത്യന്താപേക്ഷിതമാണ്. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നത് ജൂനിയർ ജീവനക്കാർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അവധികൾ എന്നത് വിട്ടുവീഴ്ച ചെയ്യേണ്ട ഒന്നല്ല, മറിച്ച് ടീമിന് മാതൃകയാകേണ്ടവരാണ് ലീഡർമാർ." നോർവീജിയൻ മാനേജർ വിനോദിനോട് പറഞ്ഞു. മാനേജരുടെ ഈ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്ന് വിനോദ് തുറന്ന് പറയുന്നു. ഇന്ത്യയിലെ പല തൊഴിലിടങ്ങളിലും ഇത്തരം ശീലങ്ങൾ ജോലിയോടുള്ള അർപ്പണബോധമായിട്ടാണ് കാണാറുള്ളത്. നിരന്തരമായ ഉൽപ്പാദനക്ഷമതയ്ക്ക് വേണ്ടിയുള്ള സമ്മർദ്ദങ്ങളെക്കുറിച്ചും, അമിത ജോലി വ്യക്തിജീവിതത്തിൽ ഉണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചും സ്വയം ചിന്തിക്കാൻ ഈ അനുഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു.
'വർക്ക്-ലൈഫ് ബാലൻസ്'
വിനോദിന്‍റെ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെടുകയും, തൊഴിൽ സംസ്കാരത്തെക്കുറിച്ച് പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ കാരണമാകുകയും ചെയ്തു. നോർവേയിലെ ഈ തൊഴിൽ സമീപനത്തെ നിരവധി പേർ പ്രശംസിച്ചപ്പോൾ, ഇന്ത്യയിൽ ആരോഗ്യകരമായ ഒരു 'വർക്ക്-ലൈഫ് ബാലൻസ്' നിലനിർത്തുക എന്നത് ഇപ്പോഴും വലിയൊരു വെല്ലുവിളിയാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ മാനസികാരോഗ്യം, ജോലിഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങൾ, ആധുനിക തൊഴിൽ സംസ്കാരം എന്നിവയെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.


