ഈ ആഴ്ച കൂടുതൽ തെക്കൻ മേഖലയിലേക്ക് യാന്റർ സഞ്ചരിക്കുകയാണെങ്കിൽ ‌ഞങ്ങൾ സജ്ജരാണ് എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ബ്രിട്ടൻ: ബ്രിട്ടന്റെ തീര മേഖലകളിലേക്ക് എത്തി റഷ്യയുടെ കുപ്രസിദ്ധമായ ചാര കപ്പൽ. സാധാരണ കപ്പലെന്ന് റഷ്യ അവകാശപ്പെടുന്നതും ലോക രാജ്യങ്ങൾ ചാരക്കപ്പലെന്ന് വിളിക്കുകയും ചെയ്യുന്ന യാന്റർ ആണ് ബ്രിട്ടന്റെ തീരദേശത്ത് കറങ്ങി നടക്കുന്നത്. ഇതിന് പിന്നാലെ കനത്ത ആശങ്കയിലാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികൾ. ബ്രിട്ടൻ സമുദ്രത്തിൽ സ്ഥാപിച്ച കേബിളുകൾ യാന്റർ നിരീക്ഷിക്കുന്നുവെന്നാണ് ആശങ്ക. ദശലക്ഷക്കണക്കിന് ഡോളറുകളുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയുടെ ഡാറ്റകളാണ് ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യുന്നത്. ഈ കേബിളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിൽ 90 ശതമാനവും സാമ്പത്തിക ഇടപാടുകളുടേതാണ്. റോയൽ എയർ ഫോഴ്സ് നിരീക്ഷണ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ യാന്ററിലെ നാവികർ പായിക്കുക കൂടി ചെയ്തതോട ഡാറ്റ ചോർത്തൽ നടക്കുന്നുവെന്ന ആശങ്ക ബ്രിട്ടന് ശക്തമായിട്ടുണ്ട്. നിരീക്ഷണ വിമാനങ്ങളിലെ പൈലറ്റുമാർക്ക് നേരെ ലേസർ രശ്മികൾ പ്രയോഗിക്കുന്നത് പ്രകോപനപരമെന്നാണ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പ്രതികരിക്കുന്നത്. അതീവ അപകടകരമായ പ്രവർത്തിയാണ് നാവികർ ചെയ്തത്. ബ്രിട്ടനിൽ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കുന്നത്. ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്നുണ്ട്. ഈ ആഴ്ച കൂടുതൽ തെക്കൻ മേഖലയിലേക്ക് യാന്റർ സഞ്ചരിക്കുകയാണെങ്കിൽ ‌ഞങ്ങൾ സജ്ജരാണ് എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ബ്രിട്ടന്റെ കടൽ അതിർത്തി യാന്റർ ലംഘിച്ചാൽ സൈനിക നടപടിയുണ്ടാവുമെന്നാണ് ബ്രിട്ടൻ ഈ പ്രസ്താവനയിലൂടെ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല യാന്റർ ബ്രിട്ടന്റെ തീരത്തോട് ചേർന്ന് എത്തുന്നത്. ഈ വർഷം ആദ്യത്തിൽ റോയൽ നേവി മുങ്ങിക്കപ്പലുകൾ യാന്ററിന്റഎ അസാധാരണ നീക്കം ശ്രദ്ധിച്ചിരുന്നു. ബ്രിട്ടനെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള എല്ലാ സുപ്രധാന കേബിളുകളും പൈപ്പ് ലൈനുകളും കണ്ടെത്തി മാപ്പ് ചെയ്യുന്നതിനുള്ള ശ്രമമാണ് ക്രംലിൻ നടത്തുന്നതെന്നാണ് ആശങ്ക. നാറ്റോയുടെ പ്രതികരണങ്ങളും പ്രതിരോധങ്ങളും അളക്കാനായി റഷ്യ നടത്തുന്ന ശ്രമങ്ങളായാണ് യാന്ററിന്റെ അസാധാരണ നീക്കത്തെ വിലയിരുത്തുന്നത്. യൂറോപ്പിന്റെ പല മേഖലകളിലും സമാന സ്വഭാവത്തിലുള്ള ഡ്രോൺ കടന്നുകയറ്റങ്ങളും സമീപ കാലത്ത് വ‍ർദ്ധിച്ചിട്ടുണ്ട്. സെപ്തംബറിൽ 3 റഷ്യൻ യുദ്ധ വിമാനങ്ങൾ എസ്റ്റോണിയൻ വ്യോമ മേഖലയിൽ അനുമതിയില്ലാതെ കയറിയിരുന്നു. ഈ സമയത്ത് നാറ്റോയുടെ കിഴക്കൻ മേഖലയ്ക്ക് പ്രതിരോധമൊരുക്കാനായി ഇറ്റലി, ഫിൻലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽ നിന്ന് യുദ്ധ വിമാനങ്ങൾ നിരന്നിരുന്നു. ദ്വീപ് രാജ്യമായതിനാൽ തന്നെ സമുദ്രാന്തർ മേഖലയിലെ കേബിളുകളെയാണ് ഡാറ്റ കൈമാറ്റത്തിന് ബ്രിട്ടൻ വ്യാപകമായി ഉപയോഗിക്കുന്നത്. നോർവേ അടക്കമുള്ള രാജ്യങ്ങളുമായി ഗ്യാസ് പൈപ്പ് ലൈനുകളും ഓയിൽ പൈപ്പ് ലൈനുകളും ബ്രിട്ടന്റെ വടക്കൻ മേഖലയിലെ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഈ കേബിളുകളാണ് നിലവിൽ റഷ്യൻ കപ്പലുകൾക്ക് ഗവേഷണ കേന്ദ്രമായിട്ടുള്ളത്.

വെറുമൊരു ഗവേഷണ കപ്പലെന്ന് റഷ്യ 

ആഴക്കടൽ കേബിളുകളെ ലോകത്തിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായാണ് നാറ്റോ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഇവ തന്ത്രപരമായ ഇടങ്ങളാണെന്നും ഹൈബ്രിഡ് അട്ടിമറികൾക്കായി എതിരാളികൾക്ക് ആഴക്കടൽ കേബിളുകളെ ദുരുപയോഗം ചെയ്യാൻ കഴിയുമെന്നും അങ്ങനെയുണ്ടായാൽ സാധാരണ ആശയ വിനിമയം മുതൽ സൈനിക ആശയ വിനിമയം വരെയുള്ളവയ്ക്ക് ഭീഷണിയുണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പ് നാറ്റോ നൽകുന്നുണ്ട്. യാന്ററിനെ വെറുമൊരു ഗവേഷണ കപ്പലായാണ് മോസ്കോ വിശേഷിപ്പിക്കുന്നത്. എന്നാൽ റഷ്യയുടെ ആഴക്കടൽ ഗവേഷണത്തിനായുള്ള രഹസ്യ മിഷനായ ജിയുജിഐയ്ക്കാണ് യാന്റർ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ അത്യാധുനിക ആശയവിനിമയ ഉപകരണങ്ങൾ സജ്ജമാക്കിയതിനാൽ ഇവ എന്തെല്ലാമാണ് കണ്ടെത്തുകയെന്ന ആശങ്കയും ബ്രിട്ടനുണ്ട്. ആളില്ലാതെ ചെറു അന്തർവാഹിനികളെ വരെ പ്രവർത്തിപ്പിക്കാൻ സജ്ജമാണ് യാന്റർ എന്ന കപ്പൽ. ഇത്തരം ചെറു അന്തർവാഹിനികൾക്ക് വളരെ എളുപ്പത്തിൽ തന്നെ കടൽത്തറയിലുള്ള കേബിളുകളുടെ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും. അതിനാൽ തന്നെ നിഷ്പ്രയാസം അട്ടിമറി നടത്താൻ യാന്ററിന് സാധിക്കുമെന്ന ആശങ്കയാണ് ബ്രിട്ടീൽ പ്രതിരോധ മേഖലയ്ക്കുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം