റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ 'ഖബറോവ്സ്ക്' പുറത്തിറക്കി. 'ഡൂംസ്‌ഡേ മിസൈൽ' എന്നറിയപ്പെടുന്ന 'പോസിഡോൺ' ആണവ ഡ്രോൺ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനിക്ക് തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ കഴിയും. 

മോസ്കോ: റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ 'ഖബറോവ്സ്ക്' (Khabarovsk) പുറത്തിറക്കി. തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ളതും 'ഡൂംസ്‌ഡേ മിസൈൽ' എന്നറിയപ്പെടുന്നതുമായ 'പോസിഡോൺ' ആണവ ഡ്രോൺ വഹിക്കാനുള്ള ശേഷി ഈ അന്തർവാഹിനിക്കുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ് സെവറോഡ്വിൻസ്കിലെ സെവ്മാഷ് കപ്പൽശാലയിൽ നടന്ന ചടങ്ങിലാണ് 'ഖബറോവ്സ്ക്' പുറത്തിറക്കിയത്. റഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ അലക്സാണ്ടർ മൊയ്സെയേവ്, മറ്റ് ഉന്നത കപ്പൽ നിർമ്മാണ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രതിരോധ മന്ത്രിയുടെ പ്രതികരണം

'ഇന്ന് ഞങ്ങൾക്ക് ഒരു സുപ്രധാന ദിവസാണ്. പ്രശസ്തമായ സെവ്മാഷിന്‍റെ സ്റ്റേണിൽ നിന്ന് ഭീമാകാരമായ ആണവോർജ്ജ മിസൈൽ ക്രൂയിസർ 'ഖബറോവ്സ്ക്' പുറത്തിറക്കിയിരിക്കുന്നു' ശനിയാഴ്ച രാത്രി വൈകി സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ ബെലൂസോവ് പറഞ്ഞു. (ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനിക്കപ്പൽ മുൻപ് നവീകരിച്ചത് ഈ സെവ്മാഷ് കപ്പൽശാലയാണ്).

അന്തർവാഹിനിയിൽ കൊണ്ടുപോകുന്ന അന്തർവാഹിനി ആയുധങ്ങളും റോബോട്ടിക് സംവിധാനങ്ങളും ഉപയോഗിച്ച് റഷ്യയുടെ സമുദ്രാതിർത്തികൾ വിജയകരമായി സുരക്ഷിതമാക്കാനും ലോകമഹായുദ്ധത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടിഎഎസ്എസ് റിപ്പോർട്ട് ചെയ്തു. മറൈൻ എഞ്ചിനീയറിംഗിന്‍റെ സെൻട്രൽ ഡിസൈൻ ബ്യൂറോ ഓഫ് റൂബിനാണ് 'ഖബറോവ്സ്ക്' രൂപകൽപ്പന ചെയ്തത്.

'പോസിഡോൺ' ഡ്രോൺ: 'ഡൂംസ്‌ഡേ മിസൈൽ'

റഷ്യ കഴിഞ്ഞ ആഴ്ച ആണവ പ്രൊപ്പൽഷൻ സംവിധാനമുള്ള 'പോസിഡോൺ' അന്തർവാഹിനി ഡ്രോൺ പരീക്ഷിച്ചതായി റഷ്യയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനി പുറത്തിറക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ട ബിസിനസ് ദിനപത്രമായ കൊമ്മേഴ്സന്‍റ് റിപ്പോര്‍ട്ട് ചെയ്തു. "പോസിഡോണിന് അന്തർവാഹിനികളേക്കാളും ആധുനിക ടോർപ്പിഡോകളേക്കാളും വേഗതയിൽ സഞ്ചരിക്കാൻ കഴിയും, കൂടാതെ വലിയ ആഴത്തിലും ഭൂഖണ്ഡാന്തര ദൂരങ്ങളിലും യാത്ര ചെയ്യാനും കഴിയും. 'ഖബറോവ്സ്ക്' ക്ലാസ് അന്തർവാഹിനികളാണ് ഈ ആയുധത്തിന്‍റെ പ്രധാന വാഹകരാകുമെന്ന് പ്രതീക്ഷിക്കുന്നത്" കൊമ്മേഴ്സന്റ് റിപ്പോർട്ടിൽ പറയുന്നു.

'പോസിഡോൺ' ആണവ ഡ്രോണിന്‍റെ വിജയകരമായ പരീക്ഷണം കഴിഞ്ഞ ബുധനാഴ്ച റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു. ഒരു സ്ട്രാറ്റജിക് അന്തർവാഹിനിയുടെ റിയാക്ടറിനേക്കാൾ 100 മടങ്ങ് ചെറുതാണ് ഇതിന്‍റെ ആണവ ഊർജ്ജ പ്ലാന്‍റ് എന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് ഈ ഡ്രോണിനെ "ഡൂംസ്‌ഡേ മിസൈൽ" (ലോകാവസാന മിസൈൽ) എന്നാണ് വിശേഷിപ്പിച്ചത്.