ചൈനീസ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുണ്ടെന്ന് യു.എസ് അധികൃതർ സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന വനിതയുമായി ജെൻസൻ ഹുവാങ് വഴിവിട്ട ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ജെൻസൻ ഹുവാങ് പരസ്യമായി മാപ്പ് പറഞ്ഞു.

വാഷിങ്ടൻ: ചൈനീസ് ചാര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതയുമായി വ്യക്തിബന്ധം പുലർത്തിയെന്ന ആരോപണത്തിൽ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങിനെതിരെ എഫ്.ബി.ഐ അന്വേഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാണ രംഗത്തെ മുൻനിര കമ്പനിയായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെൻസൻ ഹുവാങ്, ചൈനീസ് ചാര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതയുമായി വ്യക്തിബന്ധം പുലർത്തിയെന്നാണ് ആരോപണം. ആരോപണത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ജെൻസൻ ഹുവാങ് മാന്യനായ വ്യക്തിയാണെന്നും ആലീസ് ചാരവനിതയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.

ചൈനീസ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധമുണ്ടെന്ന് യു.എസ് അധികൃതർ സംശയിക്കുന്ന ആലീസ് ഹുവാങ് എന്ന വനിതയുമായി ജെൻസൻ ഹുവാങ് വഴിവിട്ട ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ജെൻസൻ ഹുവാങ് പരസ്യമായി മാപ്പ് പറയുകയും അന്വേഷണങ്ങളോട് പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആലീസ് ഒരു ചാരവനിതയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിവാദങ്ങൾ ഉയർന്നതോടെ എൻവിഡിയയുടെ ഓഹരി മൂല്യത്തിൽ കനത്ത ഇടിവുണ്ടായിട്ടുണ്ട്. നിക്ഷേപകരിൽ പലരും കമ്പനിക്കും സി.ഇ.ഒയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ ദേശീയ സുരക്ഷയോ കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങളോ ചോർന്നിട്ടുണ്ടോ എന്നറിയാൻ എൻവിഡിയ ബോർഡ് സ്വതന്ത്ര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേ സമയം ചൈന ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഇത് യു.എസ്-ചൈന ബന്ധം വഷളാക്കാനുള്ള പ്രചാരണമാണെന്നാണ് ചൈനയുടെ പ്രതികരണം. ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന അഭ്യൂഹം മാധ്യമങ്ങളിലൂടെ പരന്നതിന് പിന്നാലെ ചൈനയുടെ ചാരസംഘടനയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയും (എംഎസ്എസ്) വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.

എന്താണ് സിഐഎസ്

ചൈനീസ് ഇന്റലിജൻസ് സർവീസസ് (സിഐഎസ്) എന്ന പൊതുപ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാരസ്ഥാപനങ്ങൾക്കു വ്യത്യസ്തമായ രീതികളാണുള്ളത്. എംഎസ്എസ് ആണ് സിവിലിയൻ രീതിയിലുള്ള വിവരശേഖരണം പ്രധാനമായും നടത്തുന്നത്. ചൈനയുടെ ചാരവലയത്തിലെ ഏറ്റവും ശക്തമായ കണ്ണി ഇവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെയ്ജിങ്ങിലാണ് സിഐഎസിന്‍റെ ആസ്ഥാനം. എന്നാൽ ചൈനയിലുടനീളം ഇവരുടെ സാന്നിധ്യമുണ്ട്. ചാരസംഘടന എന്നതിനപ്പുറം രഹസ്യപ്പൊലീസ് എന്ന നിലയിലും എംഎസ്എസിന് പ്രവർത്തനാധികാരമമുണ്ട്. ചൈനീസ് സിവിലിയൻമാരെ അറസ്റ്റ് ചെയ്യാനും രഹസ്യത്തടങ്കലിൽ വയ്ക്കാനുമൊക്കെ ഇവർക്ക് കഴിയും.