ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ യുദ്ധവിരാമം ഒരു നിർണായക ഘട്ടമാണെന്ന് വ്യക്തമാക്കി.

മസ്കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. ഈ നിർണായക നീക്കത്തിനായി ഇടപെട്ട പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ ഒമാൻ അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ യുദ്ധവിരാമം ഒരു നിർണായക ഘട്ടമാണെന്ന് വ്യക്തമാക്കി. സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക വിരാമമെന്നതിലുപരി, പ്രശ്നങ്ങളുടെ മൂലകാരണം പരിഹരിക്കുന്ന സ്ഥിരതയാർന്ന രാഷ്ട്രീയ പരിഹാരമാണ് അനിവാര്യമെന്നും ഒമാൻ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ അക്രമങ്ങളും വൈരാഗ്യവും പൂർണമായും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ഏകോപിതമായ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കുമായി എല്ലാ പക്ഷങ്ങളും സംഭാഷണ പാത ശക്തിപ്പെടുത്തണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഒമാൻ തുടർച്ചയായി പിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും സംയുക്തമായി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മശഷഹബാസ് ഷെരീഫിന്‍റെയും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിെൻറയും ഫലപ്രദമായ ഇടപെടലുകൾ ഈ സുപ്രധാന കരാറിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചതായി മന്ത്രാലയം എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.