പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഇൻഡിഗോ നവംബർ 14 വരെ നീട്ടി. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനോ യാത്രാ തീയതി മാറ്റുന്നതിനോ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് യാത്രാവിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും. യാത്ര മുടങ്ങിയവർക്ക് യാതൊരുവിധ അധിക നിരക്കും നൽകാതെ യാത്രാ തീയതി മാറ്റുന്നതിനോ, ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനോ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ അവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും, അപ്രതീക്ഷിതമായി ഉണ്ടായ ഈ യാത്രാ തടസ്സങ്ങളിലും അനിശ്ചിതത്വത്തിലും ഖേദിക്കുന്നതായും ഇൻഡിഗോ മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.