ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാൻ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നൽകിയത്.
ലാഹോര്‍: ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനിൽ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാൻ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നൽകി.
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോറിലെ യുഎസ് പൗരന്മാര്‍ അവിടെ നിന്ന് മാറണമെന്നും സുരക്ഷിതമായി മാറാനായില്ലെങ്കില്‍ അധികൃതരുടെ സഹായവും പ്രാദേശിക സഹായവും തേടണമെന്നും വാര്‍ത്താകുറിപ്പിൽ പറയുന്നുണ്ട്. ലാഹോര്‍, പഞ്ചാബ് മേഖലയിലുള്ള യുഎസ് പൗരന്മാര്‍ക്കാണ് പാകിസ്ഥാനിലെ യുഎസ് എംബസി ഇത്തരമൊരു നിര്‍ദേശം നൽകിയത്. യുഎസ് സര്‍ക്കാരിന്‍റെ സഹായം കാത്തുനിൽക്കാതെ ലാഹോര്‍ വിടാനുള്ള നടപടികള്‍ വേഗത്തിൽ സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ഇതിനിടെ, പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സ്റ്റേഡിയത്തിന്‍റെ കിച്ചണ്‍ കോംപ്ക്സ് ആക്രമണത്തിൽ തകര്‍ന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാൻ സൂപ്പര്‍ ലീഗ് മത്സരം കറാച്ചിയിലേക്ക് മാറ്റിയതായും വിവരമുണ്ട്.



