പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടു

ദില്ലി: പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ആദ്യ ഘട്ടത്തിൽ തന്നെ ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന് പാകിസ്ഥാൻ പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷയായിരുന്നു. എല്ലാവിധ സന്നാഹങ്ങളും പാക് പട്ടാളം ഒരുക്കിയിട്ടും എല്ലാം ഭേദിക്കുന്നതായിരുന്നു ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' പ്രത്യാക്രമണം. പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന് 'ഓപ്പറേഷൻ സിന്ദൂർ' നൽകിയത് കനത്ത നഷ്ടമാണ്. മസൂദിന്‍റെ കുടുംബത്തിലെ 10 പേരും അടുത്ത നാലു അനുയായികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

പഹൽഗാമിന്‌ ശേഷം അസറിനും കുടുംബത്തിനും പാക് പട്ടാളം ഏർപ്പെടുത്തിയ ശക്തമായ സുരക്ഷാ കവചത്തെ ഭേദിച്ച് ഇന്ത്യ നടത്തിയ ആക്രമണം പാക് സേനയിലെ ഉന്നതരെ ഞെട്ടിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ കൃത്യമായി തിരഞ്ഞെടുത്ത് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാർട്ടേഴ്സടക്കം തകർന്നെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മസൂദിന്റെ മൂത്ത സഹോദരിയും ഉൾപ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസ്ഹർ ആദ്യമായി പ്രതികരിച്ചത്. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കിയിട്ടുണ്ട്.

അതേസമയം ഭീകരവാദത്തെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഒൻപത് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നൽ ആക്രമണം. കഷ്ടിച്ച് അര മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരുക്കേറ്റുവെന്നും പാക്കിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ടുകൾ ഉണ്ട്.

വിശദവിവരങ്ങൾ

'ഞങ്ങൾക്ക് ഈ രക്തത്തിൽ പങ്കില്ല' ഇന്ത്യയിൽ എപ്പോൾ തീവ്രവാദ ആക്രമണം ഉണ്ടായാലും പാക്കിസ്ഥാൻ ആവർത്തിക്കുന്ന പല്ലവി ഇതാണ്. പാർലമെന്റ് ആക്രമണത്തിലും ഉറിയിലും പുൽവാമയിലും രണ്ടാഴ്ച്ച മുൻപ് പഹൽഗാമിലും ഒക്കെ പാക്കിസ്ഥാൻ ആദ്യം കൈക്കൊണ്ട നിലപാട് ഇത് തന്നെയായിരുന്നു. എന്നാൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സായുധ സേനയിലെ മുതിർന്ന വനിതാ ഓഫീസിസർമാരും ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഈ നുണയെ അടപടലം പൊളിച്ചുകളയുന്ന ഒന്നായിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യവും സൂക്ഷ്മവുമായ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സേന അവ തകർത്ത ശേഷമുള്ള ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിലൂടെ അവർ ലോകത്തിനു മുന്നിൽ തെളിവായി സമർപ്പിച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം