ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ യുദ്ധമുണ്ടായാൽ എത്ര പേർ പിന്തുണയ്ക്കുമെന്ന് മതപണ്ഡിതൻ ചോദിച്ചു.. വളരെ കുറച്ച് പേർ മാത്രമേ കൈ പൊക്കിയുള്ളൂ.. അതിനർത്ഥം നല്ല അവബോധം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞു..

ഇസ്ലാമാബാദ്: പാക് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാനിലെ മതപണ്ഡിതൻ. സ്വന്തം പൌരന്മാർക്കുമേൽ ബോംബിടുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസി പറഞ്ഞു. പാകിസ്ഥാനേക്കാൾ ഭേദം ഇന്ത്യയാണെന്നും ഇന്ത്യയുമായുള്ള യുദ്ധം ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്നും മതപണ്ഡിതൻ പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ മതപണ്ഡിതൻ പറഞ്ഞത്, യു.എസിലെ മുൻ പാകിസ്ഥാൻ അംബാസഡർ ഹുസൈൻ ഹഖാനിയാണ് പോസ്റ്റ് ചെയ്തത്.

പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. ഭരണകൂടം അക്രമവും അനീതിയും അടിച്ചേൽപ്പിക്കുകയാണെന്ന് മതപണ്ഡിതൻ ആരോപിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ യുദ്ധമുണ്ടായാൽ എത്ര പേർ പിന്തുണയ്ക്കുമെന്നും പിന്തുണയ്ക്കുന്നവർ കൈപൊക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ കുറച്ച് കൈകൾ മാത്രമേ ദൃശ്യമായുള്ളൂ. അതിനർത്ഥം നല്ല അവബോധം ഉണ്ടായിട്ടുണ്ടെന്നാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം ഇസ്ലാമിക യുദ്ധമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. 

"പാകിസ്ഥാനിലെ ഇന്നത്തെ ഭരണക്രമം അവിശ്വാസത്തിൻ്റേതാണ്. സ്വേച്ഛാധിപത്യ വ്യവസ്ഥിതിയാണ്. അത് ഇന്ത്യയിലേതിനേക്കാൾ മോശമാണ്. പാകിസ്ഥാനിലുള്ളത്ര അടിച്ചമർത്തൽ ഇന്ത്യയിലില്ല. ലാൽ മസ്ജിദ് ദുരന്തം ഇന്ത്യയിലാണോ സംഭവിച്ചത്? ഇന്ത്യ സ്വന്തം പൗരന്മാർക്ക് നേരെ ബോംബിടാറുണ്ടോ? വസീറിസ്താനിലും ഖൈബർ പഖ്തൂൻഖ്വയിലും സംഭവിച്ചത് ക്രൂരതയാണ്. രാജ്യം സ്വന്തം പൗരന്മാർക്ക് മേൽ ബോംബിട്ടു. ഇത്തരം ക്രൂരതകൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടോ? നമ്മുടെ യുദ്ധവിമാനങ്ങൾ സ്വന്തം ജനങ്ങൾക്കു നേരെ ബോംബിട്ടതു പോലെ അവരുടെ യുദ്ധവിമാനങ്ങൾ ചെയ്തിട്ടുണ്ടോ? ഇന്ത്യയിൽ ഇത്രയധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ഇവിടെ പ്രിയപ്പെട്ടവരെ കണ്ടെത്താനായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ആളുകൾ തളരുന്നു. ഇവിടെ മതപണ്ഡിതരെയും മാധ്യമപ്രവർ്തകരെയും തെഹ്‌രീക്-ഇ- ഇൻസാഫ് പ്രവർത്തകരെയുമെല്ലാം കാണാതായിട്ടുണ്ട്"- 2007ൽ ലാൽ മസ്ജിദിൽ നടന്ന സൈനിക നടപടി പരാമർശിച്ചുക്കൊണ്ട് അബ്ദുൾ അസീസ് പറഞ്ഞു.

പാകിസ്ഥാൻ തലസ്ഥാനം കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ 1965 ലാണ് ലാൽ മസ്ജിദ് നിർമ്മിച്ചത്. ഇന്ത്യയ്‌ക്കെതിരായ ആളുകളെ തീവ്രവാദികളാക്കുന്നതിനുള്ള മുഖ്യ കേന്ദ്രമായി ഇത് മാറിയെന്ന് ആരോപണമുയർന്നു. എന്നാൽ 2006 ൽ, സഹോദരന്മാരായ അബ്ദുൾ അസീസും അബ്ദുൾ റാഷിദും ഉൾപ്പെട്ട ലാൽ മസ്ജിദിന്റെ നേതൃത്വം പാകിസ്ഥാൻ സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കാൻ തുടങ്ങി. ബദൽ ഭരണ സംവിധാനം സ്ഥാപിക്കാനും പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനും ആഹ്വാനം ചെയ്തു.അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാർ, നടപടിക്ക് ഉത്തരവിട്ടു. ഇത് ഓപ്പറേഷൻ സൺറൈസ് എന്ന സൈനിക നടപടിയിലേക്ക് നയിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം