സുരക്ഷാ ഏജന്‍സികളാണ് 121 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മദ്രസയെ കൂടാതെ ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി പാക്കിസ്ഥാന്‍റെ അവകാശവാദം. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായി 121 പേരെ പാക് സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തതായി പാകിസ്ഥാന്‍ പറയുന്നു. 180 ഓളം മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പാക് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സുരക്ഷാ ഏജന്‍സികളാണ് 121 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മദ്രസയെ കൂടാതെ ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ കൂടിയാണ് നടപടി എന്നാണ് സൂചന. കഴിഞ്ഞ ദിവസം മുംബൈ തീവ്രവാദി ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്‍റെ ജമായത്ത് ഉദ് ദാവയുടെ ഫൗണ്ടേഷന്‍റെ നിയന്ത്രണാവകാശം പാകിസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.