ഇസ്ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയെ അഞ്ചാമത്തെ പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്ഥാന്‍. മേഖലയില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് പാകിസ്ഥാന്റെ തീരുമാനം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്ന് ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മന്ത്രി അലി അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖല കേന്ദ്രഭരണപ്രദേശമായ ജമ്മു, കശ്മീര്‍,  ലഡാക്ക് എന്നിവയുടെ ഭാഗമാണെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ നിരവധി തവണ പാകിസ്ഥാനെ അറിയിച്ചിരുന്നു. അനധികൃതമായി പിടിച്ചടക്കിയ പ്രദേശങ്ങളില്‍ യാതൊരു അവകാശവും ഉന്നയിക്കാന്‍ അവകാശമില്ലെന്നും പാക് അധിനിവേശ കശ്മീരില്‍ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അനധികൃതമായ എല്ലാ പ്രദേശങ്ങളും പാകിസ്ഥാന്‍ ഉപേക്ഷിക്കണമെന്നും മെയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പുകള്‍ തള്ളിയാണ് പാകിസ്ഥാന്‍ ഗില്‍ജിത് ബാള്‍ട്ടിസ്താനെ രാജ്യത്തെ അഞ്ചാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 

ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുള്ള പ്രവിശ്യയായിട്ടായിരിക്കും പ്രഖ്യാപനമെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രാതിനിധ്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് നവംബര്‍ മധ്യത്തോടെ നടത്തും. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ അവകാശങ്ങള്‍ നല്‍കുമെങ്കിലും ഗോതമ്പിനുള്ള സബ്‌സിഡി ഒഴിവാക്കില്ല. സ്വന്തം കാലില്‍ നില്‍ക്കാനാകും വരെ സബ്‌സിഡി സര്‍ക്കാര്‍ അനുവദിക്കും. 73 വര്‍ഷത്തെ ദരിദ്രാവസ്ഥയില്‍ നിന്നുള്ള ഗില്‍ജിത് ബാള്‍ട്ടിസ്താന്റെ മോചനമാണിതെന്നും മന്ത്രി വ്യക്തമാക്കി. ചൈനയും പാകിസ്ഥാനും സംയുക്തമായി നടപ്പാക്കുന്ന ചൈന പാകിസ്താന്‍ എക്കണോമിക് കോറിഡോറിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും ആരോഗ്യം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ സമഗ്ര മേഖലയിലും വികസനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

തര്‍ക്കപ്രദേശമായ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ പാകിസ്ഥാന്റെ പ്രദേശമാണെന്ന് 1999ലാണ് പാക് സുപ്രീം കോടതി ഉത്തരവിട്ടത്. 2009ല്‍ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ എംപവര്‍മെന്റ് ആന്‍ഡ് സെല്‍ഫ് ഗവേണന്‍സ് ഓര്‍ഡര്‍ കൊണ്ടുവന്നു.