പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് തീരുമാനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയതിന് പിന്നാലെയാണ് നടപടി.
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ (Imran Khan) പാകിസ്ഥാന്റെ (Pakistan) പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറിയുടെ അറിയിപ്പ്. പാകിസ്ഥാൻ പ്രസിഡന്റ് അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 3-ന് പാർലമെന്ററി കാര്യ മന്ത്രാലയം, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരം ആർട്ടിക്കിൾ 58(1) പ്രകാരം ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ പ്രധാനമന്ത്രിയല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും കാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പാക് മാധ്യമപ്രവർത്തകൻ ഹമീദ് മിർ ആണ് പ്രസ്താവന ട്വീറ്റ് ചെയ്തത്. ഇമ്രാൻ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് തീരുമാനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയതിന് പിന്നാലെയാണ് നടപടി.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കർ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു. അവതരിപ്പിക്കാൻപോലും അനുവദിക്കാതെ അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റെങ്കിലും ഫലം ഉണ്ടായില്ല.
സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടാം വിട്ടിറങ്ങി. ദേശീയ അസംബ്ലിയിൽ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനിൽ കാണുകയായിരുന്ന ഇമ്രാൻ ഖാൻ നിമിഷങ്ങൾക്കകം രാജ്യത്തെ അഭിസംബോധന ചെയ്തു. ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് നന്ദിയറിയിച്ച പാക് പ്രധാനമന്ത്രി ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്ന് രാജ്യത്തെ അറിയിച്ചു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്നായിരുന്നു ഇമ്രാൻ്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ചു ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി ആരിഫ് അലവിയുടെ പ്രഖ്യാപനം പിന്നാലെ വന്നു.
അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ അസംബ്ലിയിൽ തുടരുമെന്നും പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു.
