ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ പാക് പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ച് പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് അൽവി. ഇന്ന് രാവിലെ ഇന്ത്യൻ സമയം 11.30-നാണ് സമ്മേളനമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സ്ഥിതിവിശേഷം സംയുക്ത സമ്മേളനം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

രാജ്യാന്തരതലത്തിൽ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായാണ് പാകിസ്ഥാൻ മുന്നോട്ടുപോകുന്നത്. ഇന്ത്യയോടും കടുത്ത പ്രതിഷേധം അറിയിക്കാനാണ് നീക്കം. സ്ഥാപനപതിയെ വിളിച്ചു വരുത്തി പ്രതിഷേധിക്കുകയായിരുന്നു പാകിസ്ഥാൻ ആദ്യം തന്നെ ചെയ്തത്. 

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുർക്കി പ്രസിഡന്‍റ് ത്വയ്യിബ് എർദോഗനുമായും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായും ഇന്ത്യയുടെ നടപടി ചർച്ച ചെയ്തിരുന്നു. തുർക്കി പിന്തുണ അറിയിച്ചതായാണ് പാകിസ്ഥാന്‍റെ പ്രസ്താവന. പരമാവധി ലോകനേതാക്കളുമായി സംസാരിച്ച് പിന്തുണ തേടാൻ പാകിസ്ഥാൻ ശ്രമിക്കും. ഇന്ത്യയുടെ നടപടി മേഖലയിൽ സമാധാനവും സുരക്ഷയും തകർക്കുമെന്നും ഇമ്രാൻ ഖാൻ ഇന്നലെ ആരോപിച്ചിരുന്നു. 

ഇസ്ലാമാബാദിൽ കനത്ത സുരക്ഷ

ഇസ്ലാമാദിലെ എല്ലാ നയതന്ത്ര ആസ്ഥാനങ്ങൾക്കും ചുറ്റും കനത്ത സുരക്ഷ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. ഹൈക്കമ്മീഷന് ചുറ്റും സായുധ, കലാപ നിയന്ത്രണ സേനയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാനിൽ കശ്മീരുമായി അതിർത്തി പങ്കിടുന്നതും അല്ലാത്തതുമായ പ്രവിശ്യകളിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. പ്രതിഷേധവുമായി ബലോചിസ്ഥാൻ, ഖൈബർ പഖ്‍തുൻഖ്‍വ, പഞ്ചാബ്, സിന്ധ്, പാക് അധീന കശ്മീർ എന്നിവിടങ്ങളിൽ റാലികൾ നടന്നു. 'കശ്മീർ ബനേഗ പാകിസ്ഥാൻ' എന്ന മുദ്രാവാക്യങ്ങളുയർന്നു. 

പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയിലേക്കോ?

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നത് യുഎൻ സുരക്ഷാ കൗൺസിലിന്‍റെ പ്രമേയത്തിന് വിരുദ്ധമാണെന്നും, കശ്മീരിലെ ജനങ്ങളുടെ ഹിതത്തിന് എതിരാണെന്നുമാണ് പാക് പ്രസിഡന്‍റ് ആരിഫ് അൽവി പ്രഖ്യാപിച്ചത്. 

രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ നീക്കത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്ത് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ നീക്കത്തെ ''സാധ്യമായ എല്ലാ തരത്തിലും പ്രതിരോധിക്കു''മെന്നാണ് പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. 

കശ്മീരെന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട തർക്കഭൂമിയാണെന്ന് പാകിസ്ഥാൻ പറയുന്നു. അത്തരത്തിലുള്ള മേഖലയുടെ സവിശേഷാധികാരം എടുത്തുകളയുന്നത് രാജ്യാന്തരതലത്തിൽത്തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന നടപടിയാണെന്നാണ് പാകിസ്ഥാന്‍റെ അവകാശവാദം. 

ഇന്നലെ പാക് അധീന കശ്മീരിന്‍റെ പാർലമെന്‍ററി കമ്മിറ്റി പാർലമെന്‍റ് മന്ദിരത്തിൽ വച്ച് യോഗം ചേർന്നിരുന്നു. ചെയർമാനായ സയ്യദ് ഫഖർ ഇമാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തിൽ സംസാരിച്ച പ്രതിപക്ഷനേതാക്കളടക്കം ഇന്ത്യയുടെ നീക്കത്തെ അപലപിക്കുകയും ഇതിനെതിരായ ഏത് നടപടിയ്ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

ഇന്ത്യയോട് അറിയിച്ചത് കടുത്ത പ്രതിഷേധം

ജമ്മുകശ്മീരിന്‍റെ പദവി എടുത്തുകളയുന്നതിന് എതിരെ പാകിസ്ഥാൻ ഇന്ത്യയെ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നതാണ്. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധമറിയിച്ചത്.

അതേസമയം, വിവിധ രാജ്യങ്ങളെ തീരുമാനം ബോധ്യപ്പെടുത്താനുള്ള ശ്രമം ഇന്ത്യ തുടരും. അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറിമാരോടും സ്ഥാനപതികളോടും വിശദീകരിച്ചിരുന്നു. ഇന്നലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നിരവധി സ്ഥാനപതിമാരുമായി ചർച്ച നടത്തിയിരുന്നു.