പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിലിൽ 135,000-ത്തിലധികം അഫ്ഗാനികളും മെയ് മാസത്തിൽ 67,000-ത്തിലധികം പേരും ജൂണിലെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 3,000-ത്തിലധികം അഫ്ഗാനികളെയും നാടുകടത്തി.
ഇസ്ലാമാബാദ്: രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നാടുകടത്തൽ നടപടി ശക്തമാക്കിയതോടെ ഏപ്രിൽ മുതൽ 200,000-ത്തിലധികം അഫ്ഗാനികൾ പാകിസ്ഥാനിൽ നിന്ന് വിട്ടുപോയതായി റിപ്പോർട്ട്. ഇറാനും അഫ്ഗാൻ പൗരന്മാരെ നാടുകടത്തൽ ശക്തമാക്കിയിരുന്നു. പിന്നാലെയാണ് നടപടികൾ കടുപ്പിച്ച് പാകിസ്ഥാനും രംഗത്തെത്തിയത്.
പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിലിൽ 135,000-ത്തിലധികം അഫ്ഗാനികളും മെയ് മാസത്തിൽ 67,000-ത്തിലധികം പേരും ജൂണിലെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 3,000-ത്തിലധികം അഫ്ഗാനികളെയും നാടുകടത്തി. 2023 നവംബറിൽ ആരംഭിച്ച നാടുകടത്തലിൽ ഇതുവരെൾ പത്ത് ലക്ഷത്തിലധികം അഫ്ഗാനികൾ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയതായി എആർവൈ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
താമസ രേഖകൾ റദ്ദാക്കിയ 800,000-ത്തിലധികം അഫ്ഗാനികളെ ലക്ഷ്യമിട്ടാണ് നാടുകടത്തൽ കാമ്പയിൻ. പാകിസ്ഥാനിൽ ജനിച്ചതോ വളർന്നതോ ആയ അഫ്ഗാനികളെയും നാടുകടത്തുന്നു. അഫ്ഗാൻ പൗരന്മാർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുന്നതിന് അഫ്ഗാനെ കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, പാകിസ്ഥാന്റെ ആരോപണങ്ങൾ താലിബാൻ നിഷേധിച്ചു. ഇറാനും സമാനമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) റിപ്പോർട്ട് പ്രകാരം മെയ് മാസത്തിൽ ഇറാനിൽ നിന്ന് 15,675 അഫ്ഗാനികളെ നാടുകടത്തി. ഏപ്രിലിലെ ഇരട്ടിയിലധികം പേരെയും നാടുകടത്തി. ഏറെക്കാലമായി ഇറാനിൽ താമസമാക്കിയ അഫ്ഗാനി കുടുംബങ്ങളെയടക്കമാണ് നാടുകടത്തിയത്. മെയ് അവസാനത്തിൽ, രേഖകളില്ലാത്ത അഫ്ഗാനികളോട് ജൂലൈ 6 നകം രാജ്യം വിടാൻ ഇറാനിയൻ അധികൃതർ ഉത്തരവിട്ടു. നാല് ദശലക്ഷം ആളുകളെ വരെ ഈ ഉത്തരവ് ബാധിച്ചേക്കാമെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ജനുവരി മുതൽ ഇതിനകം 450,000-ത്തിലധികം അഫ്ഗാനികൾ ഇറാനിൽ നിന്ന് തിരിച്ചെത്തി.
പതിറ്റാണ്ടുകളുടെ സംഘർഷത്തിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ ഇരു രാജ്യങ്ങളും സ്വീകരിച്ചിരുന്നു. എന്നാൽ സാമ്പത്തിക സ്ഥിതി വഷളാകുകയും രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ അഫ്ഗാൻ കുടിയേറ്റക്കാർക്കുള്ള പൊതുജന പിന്തുണ കുറഞ്ഞു. ഇപ്പോഴും ഏകദേശം മൂന്ന് ദശലക്ഷം അഫ്ഗാനികൾക്ക് അഭയം നൽകിയ പാകിസ്ഥാൻ, ജൂൺ അവസാനത്തോടെ 1.3 ദശലക്ഷം യുഎൻഎച്ച്സിആർ നൽകിയ അഭയാർത്ഥി കാർഡുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ നാടുകടത്തൽ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശകലന വിദഗ്ധർ കരുതുന്നു. ആഭ്യന്തര സുരക്ഷാ ഭീഷണികളെ നേരിടാൻ പാകിസ്ഥാൻ സമ്മർദ്ദത്തിലാണെന്നും പറയുന്നു.


