മലവെള്ളപ്പാച്ചിൽ റോഡുകളടക്കം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട് പോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ.

ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാകിസ്ഥാൻ. തുടർച്ചയായുണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. മൺസൂൺ മഴ ശക്തമായതിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിലാണ് പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിലെ മലയോര മേഖലയിലാണ് നൂറുകണക്കിന് ജീവൻ നഷ്ടമായത്. ഗ്രാമവും വീടും റോഡും ഒന്നാകെ ഒഴുകിപ്പോയി. 74 ലേറെ വീടുകളാണ് പ്രളയത്തിൽ തകർന്നത്. പ്രളയം ബാധിച്ച 9 ജില്ലകളിലായി 2000 രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ 2022 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 1700 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

രക്ഷാപ്രവ‍ർത്തനത്തിനിടെ ഹെലികോപ്ടർ തകർന്ന് അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. 120 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ പാക് അധീന കശ്മീരിൽ 9 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ 9 പേർ മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മലവെള്ളപ്പാച്ചിൽ റോഡുകളടക്കം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട് പോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ. 'അന്ത്യദിനം' എന്നാണ് പ്രദേശത്തെത്തിയ രക്ഷാപ്രവർത്തകർ പ്രതികരിച്ചത്.

15 ദിവസം കൂടി മൺസൂൺ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. നിരവധി മേഖലകളിൽ ദുരന്ത മേഖലകളായാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്. വലിയ ശബ്ദത്തോടെ പർവ്വതം ഒഴുകിയെത്തിയെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ നിൽക്കുന്ന ഭാഗം മുഴുവൻ കുലുങ്ങിയെന്നാണ് മറ്റൊരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. നിമിഷ നേരത്തിനുള്ളിൽ നിന്ന സ്ഥലത്തേക്ക് വെള്ളം ഒലിച്ചെത്തിയെന്നും ഇവ‍ർ പറയുന്നത്.