ഇന്ത്യ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യം വച്ചുവെന്ന് തരാർ ആരോപിച്ചപ്പോൾ യാൽഡ എതിർത്തു. ഇന്ത്യൻ സായുധ സേന ഭീകര ക്യാമ്പുകൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ടെന്ന് അവതാരക വ്യക്തമാക്കി.

ദില്ലി: പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പി‌ഒ‌കെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചതിന് പിന്നാലെ പാക് മന്ത്രിയെ ചാനൽ ചർച്ചയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തക. പാകിസ്ഥാൻ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നില്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞതോടെയാണ് അവതാരകയായ സ്കൈ ന്യൂസ് ജേണലിസ്റ്റ് യാൽഡ ഹക്കിം രം​ഗത്തെത്തിയത്. വസ്തുതകൾ നിരത്തി യാൽഡ മന്ത്രിയുടെ വാദങ്ങളെ പൊളിച്ചത്.

ഇന്ത്യ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യം വച്ചുവെന്ന് തരാർ ആരോപിച്ചപ്പോൾ യാൽഡ എതിർത്തു. ഇന്ത്യൻ സായുധ സേന ഭീകര ക്യാമ്പുകൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും പറഞ്ഞിട്ടുണ്ടെന്ന് അവതാരക വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹാവൽപൂരും മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ താവളവും ഉൾപ്പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തി. പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകളൊന്നുമില്ലെന്ന് വ്യക്തമായി പറയുകയാണെന്ന് മന്ത്രി പറഞ്ഞു.

പാകിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണ്. പടിഞ്ഞാറൻ അതിർത്തികളിൽ തീവ്രവാദത്തിനെതിരെ പോരാടുകയാണ്. തീവ്രവാദത്തിനെതിരായ മുൻനിര രാജ്യമാണ് പാകിസ്ഥാൻ. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ 90,000 ജീവൻ ബലിയർപ്പിച്ചുവെന്നും പാക് മന്ത്രി പറഞ്ഞു. ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തപ്പോൾ, ഇന്ത്യ സംഭവത്തെ അപലപിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് തരാർആരോപിച്ചു.

മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്ക് വേണ്ടി ഭീകരതയെ സ്പോൺസർ ചെയ്യുന്നതിൽ പാകിസ്ഥാൻ വൃത്തികെട്ട ജോലി ചെയ്തുവെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ പതിറ്റാണ്ടുകളായി തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും പ്രോക്സികളായി ഉപയോഗിക്കുകയും ചെയ്യുന്ന നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി സമ്മതിച്ചു.

പാകിസ്ഥാനിൽ തീവ്രവാദ ക്യാമ്പുകൾ ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ, അത് ജനറൽ പർവേസ് മുഷറഫ് പറഞ്ഞതിനും, ബേനസീർ ഭൂട്ടോ പറഞ്ഞതിനും, നിങ്ങളുടെ പ്രതിരോധ മന്ത്രി ഒരു ആഴ്ച മുമ്പ് പറഞ്ഞതിനും എതിരാണ്. വാസ്തവത്തിൽ, തീവ്രവാദ സംഘടനകൾക്ക് ധനസഹായവും പിന്തുണയും നൽകുന്നത് പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് ബിലാവൽ ഭൂട്ടോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്നോട് പറഞ്ഞുവെന്നും അവർ പറഞ്ഞു. 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ 2011 ൽ യുഎസ് സൈന്യം പാകിസ്ഥാനിലെ അബോട്ടാബാദിൽ നിന്ന് കണ്ടെത്തിയ കാര്യം അവർ പാകിസ്ഥാൻ മന്ത്രിയെ ഓർമ്മിപ്പിച്ചു.

Scroll to load tweet…