പാകിസ്ഥാനിലെ പ്രമുഖ ന്യൂസ് ചാനല്‍ ഹാക്ക് ചെയ്ത് ത്രിവര്‍ണപതാകയുടെ ചിത്രങ്ങള്‍ കാണിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പ്രമുഖ ന്യൂസ് ചാനലായ ഡോണില്‍ ത്രിവര്‍ണ പതാകയുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ ഞായറാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ത്രിവര്‍ണ പതാകയ്ക്കൊപ്പം ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്നുമാണ് സ്ക്രീനില്‍ കാണിച്ചത്. ഇടവേള സമയത്ത് പരസ്യം പുരോഗമിക്കുന്നതിനിടയ്ക്കാണ് സ്ക്രീനില്‍ ഇന്ത്യയുടെ ദേശീയ പതാക കണ്ടത്. 

സ്ക്രീന്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഡോണ്‍ ന്യൂസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സംഭവത്തേക്കുറിച്ച് ഒരു പ്രസ്താവനയും ന്യൂസ് ചാനല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ നിലയില്‍ സംപ്രേക്ഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ ദേശീയ പതാകയും സ്വാതന്ത്ര്യദിന സന്ദേശവും സ്ക്രീനില്‍ കണ്ടു. അല്‍പസമയത്തിനുള്ളില്‍ ഇത് മാറുകയും ചെയ്തുവെന്നാണ് പ്രസ്താവന.

 അന്വേഷണം നടത്തി സംഭവിച്ചത് എന്താണെന്ന് വിശദമാക്കുമെന്ന് ഡോണ്‍ ന്യൂസ് പ്രേക്ഷകരോട് വ്യക്തമാക്കിയിട്ടുണ്ട്.