പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാൽ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ചൈന നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷം ചൈന ഇസ്ലാമാബാദിലെ എംബസിയുടെ കോൺസുലാർ വിഭാഗം താല്ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ പുതിയ നീക്കം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്
ഇസ്ലാമാബാദ്: ചൈനയുമായുള്ള പാകിസ്ഥാന്റെ നയതന്ത്ര ബന്ധത്തെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഭീകരാക്രമണങ്ങൾ തടയാൻ പോരാടുന്നതിനിടെ, കറാച്ചി പൊലീസ് ചൈനീസ് പൗരന്മാർ നഗരത്തിൽ നടത്തുന്ന കടകൾ അടച്ചുപൂട്ടിച്ചതായി റിപ്പോർട്ട്. ചൈന- പാക് ബന്ധത്തിന് ഇത് മാനക്കേട് സൃഷ്ടിക്കുന്നതാണെന്നും നിക്കി ഏഷ്യാ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാൽ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ചൈന നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷം ചൈന ഇസ്ലാമാബാദിലെ എംബസിയുടെ കോൺസുലാർ വിഭാഗം താല്ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ പുതിയ നീക്കം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ബെയ്ജിംഗിൽ നിന്ന് നിരവധി അഭ്യർത്ഥനകളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും, പാകിസ്ഥാനിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പാക് അധികാരികൾ അലംഭാവം കാണിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ചൈന അനുവദിച്ചിട്ടുള്ള ഭീമമായ ലോണുകളിൽ ഇളവ് നൽകണമെന്നും തിരിച്ചടവ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് നടപടികളെന്നും റിപ്പോർട്ടുണ്ട്.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ചൈനീസ് പൗരന്മാരെയും ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ടുള്ള പദ്ധതികളെയും ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണ്. വാണിജ്യ പദ്ധതികൾ, ഖനന പ്രവർത്തനങ്ങൾ, മറ്റ് സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയിലൂടെ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണെന്ന പുകമറ സൃഷ്ടിച്ച് ചൈന തങ്ങളുടെ ഭൂമി പതുക്കെ കയ്യേറുകയാണെന്ന് സംശയിക്കുന്ന പാക്കിസ്ഥാനികളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ജനങ്ങൾക്കിടയിൽ വ്യാപിക്കുന്ന ചൈനാ വിരുദ്ധ വികാരം നിയന്ത്രിക്കാൻ പ്രാദേശിക ഭരണകൂടങ്ങളും സുരക്ഷാ ഏജൻസികളും പാടുപെടുകയാണ്. അക്കാരണത്താൽ തന്നെ ചൈനീസ് പൗരന്മാർക്ക് വേണ്ടവിധം സംരക്ഷണം നൽകാനുള്ള നീക്കങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുമില്ല. ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ഏതെങ്കിലും മിലിട്ടറി യൂണിറ്റിനെ നിയോഗിക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ പാകിസ്ഥാനില്ലെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്ഥാനിൽ തങ്ങളുടെ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളിൽ ചൈന അസ്വസ്ഥരാണ്. അതിനിടെയാണ്, ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സംഭവമുണ്ടായിരിക്കുന്നത്. ആക്രമണങ്ങളെ നേരിടാനുള്ള മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാലാണ് നീക്കമെന്നാണ് അധികൃതരുടെ വിശദീകരണമെന്ന് നിക്കി ഏഷ്യാ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് പൗരന്മാർക്കെതിരെ നിരവധി ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണ് കറാച്ചി.
