ബൈഡന്റെ പാക്കിസ്ഥാനെതിരായ പ്രസ്താവനയിൽ പ്രതിഷേധിച്ച്  യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി.

ഇസ്ലാമാബാദ്: ബൈഡന്റെ പാക്കിസ്ഥാനെതിരായ പ്രസ്താവനയിൽ പ്രതിഷേധിച്ച് യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നായിരുന്നു ബൈഡന്റെ പ്രസ്താവന. ജിയോ ന്യൂസ് റിപ്പോർട്ട് പ്രകാരം രൂക്ഷമായ ഭാഷയിലാണ് ബിലാവലിന്റെ പ്രതികരണം. ഞങ്ങളുടെ ആണവായുധങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം. രാജ്യത്തിന്റെ സുരക്ഷിതമായ കെട്ടുറപ്പിന്റെ കാര്യത്തിൽ പാക്കിസ്ഥാൻ കണിഷമായ നിലപാടാണ് സ്വീകരിക്കുന്നത്. ചോദ്യങ്ങൾ ഉയരുകയാണെങ്കിൽ അത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചായിരിക്കണം എന്നും ബിലാവൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസിന്‍റെ ക്യാമ്പൈനിടെയാണ് പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ബൈഡന്‍ രംഗത്തെത്തിയത്. ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡൻ പാക്കിസ്ഥാനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി. 

യുഎസിന്‍റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്ഥാനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയിൽ പാക്കിസ്ഥാനെ കുറിച്ച് പരാമർശങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയും റഷ്യയും യുഎസിന് ഉയർത്തുന്ന ഭീഷണിയെ എടുത്ത് പറയുന്ന നയരേഖ, ബുധനാഴ്ചയാണ് ബൈഡൻ ഭരണകൂടം പുറത്തിറക്കിയത്. 

Read more: പാക് മുൻ ചീഫ് ജസ്റ്റിസിനെ ഭീകരർ വെടിവെച്ച് കൊന്നു, ആക്രമണം ബലൂചിസ്ഥാനിൽ

യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ചൈനയും റഷ്യയും തമ്മില്‍ 'പരിധിയില്ലാത്ത പങ്കാളിത്തം' പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇരുരാഷ്ട്രങ്ങളും യുഎസിന് ഉയര്‍ത്തുന്ന വെല്ലുവിളി വ്യത്യസ്തമാണെന്ന് ദേശീയ സുരക്ഷാ രേഖ വ്യക്തമാക്കുന്നു. ചൈനയുമായുള്ള മത്സരം ഇൻഡോ - പസഫിക്കിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്, എന്നാൽ അത് ആഗോളതലത്തിൽ വർദ്ധിച്ച് വരുന്നതായി യുഎസ് നയരേഖ അവകാശപ്പെട്ടു. അടുത്ത പത്ത് വര്‍ഷക്കാലം ചൈനയുമായുള്ള മത്സരത്തിന്‍റെ നിർണായക ദശകമാകുമെന്ന് യുഎസ് സുരക്ഷാ രേഖ വിശദമാക്കുന്നു. റഷ്യ - യുക്രൈന്‍ സംഘർഷത്തെ കുറിച്ച്, റഷ്യയുടെ "സാമ്രാജ്യത്വ വിദേശനയം" യുക്രൈന്‍ സര്‍ക്കാറിനെ താഴെയിറക്കി റഷ്യൻ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിൽ യുക്രൈന്‍റെ പൂർണ്ണമായ അധിനിവേശത്തിൽ അവസാനിച്ചുവെന്നാണ് പറയുന്നത്.