മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ, വിദേശ നയതന്ത്രജ്ഞരെയും ബാലാക്കോട്ട്  സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ആക്രണം നടന്ന സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി മാധ്യമ സംഘം അറിയിച്ചു. 

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയ ബാലാക്കോട്ടില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ പാകിസ്ഥാന്‍ ക്ഷണിച്ചു വരുത്തി. ബി ബി സി അടക്കമുള്ള മാധ്യമങ്ങളെയാണ് പാകിസ്ഥാന്‍ സൈന്യം ബാലാക്കോട്ടില്‍ സന്ദര്‍ശനത്തിനായി കൊണ്ടു പോയത്.

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കാനായിരുന്നു പാകിസ്ഥാന്‍റെ നടപടി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ, വിദേശ നയതന്ത്രജ്ഞരെയും ബാലാക്കോട്ട് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ആക്രണം നടന്ന സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി മാധ്യമ സംഘം അറിയിച്ചു.

ആക്രമണത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദ് ക്യാമ്പ് തകര്‍ക്കുകയും തീവ്രവാദികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇന്ത്യയുടെ അവകാശ വാദം. എന്നാല്‍, ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പൈന്‍മരക്കാട് നശിച്ചെന്നുമാണ് പാകിസ്ഥാന്‍റെ വാദം. ഇന്ത്യന്‍ ആക്രമണത്തിന്റെ ആഘാതം മറച്ചുവെയ്ക്കാനാണ് ഒന്നരമാസത്തിന് ശേഷം വിദേശ മാധ്യമങ്ങളെ പാകിസ്ഥാന്‍ ക്ഷണിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.

യാഥാര്‍ഥ്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് മാധ്യമങ്ങളെയും നയതന്ത്രജ്ഞരെയും ബാലാക്കോട്ടില്‍ കൊണ്ടുപോയതെന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ഇന്റര്‍ സര്‍വിസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആസിഫ് ഖഫൂര്‍ ട്വീറ്റ് ചെയ്തു.

പാകിസ്ഥാന്‍ സൈന്യം കാണിച്ചു തന്ന സ്ഥലം മാത്രമേ സന്ദര്‍ശിച്ചിട്ടുള്ളൂവെന്ന് ബി ബി സി ഹിന്ദി മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന സ്ഥലത്തെ മദ്‌റസയും സൈന്യം മാധ്യമ സംഘത്തിന് കാണിച്ചുകൊടുത്തു. ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവും ജെയ്‌ഷെ നേതാവുമായ യൂസഫ് അസ്ഹറാണ് മദ്‌റസ നടത്തുന്നതെന്ന് പാകിസ്ഥാന്‍ അറിയിച്ചതായി മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. പുല്‍വാമ ആക്രമണത്തില്‍ പ്രധാന പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നയാളാണ് യൂസഫ് അസ്ഹര്‍

Scroll to load tweet…