ദില്ലി: കൊവിഡ് 19 പ്രതിരോധമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാര്‍ക് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാമെന്ന് പാകിസ്ഥാന്‍.  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ നിയോഗിക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിന് പാകിസ്ഥാൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളുടെ സംയുക്ത നീക്കമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

'കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ നേതാക്കൾക്ക് ഒരുമിച്ച് തീരുമാനിക്കാം. ഇതിനായി വീഡിയോ കോൺഫറൻസിംഗ് വഴി ഒരു സംഭാഷണം നടത്താം' എന്ന നിര്‍ദ്ദേശം ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി മുമ്പോട്ട് വച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ ആദ്യം സ്വാഗതം ചെയ്ത ഭൂട്ടാൻ 'ഇതാണ് നേതൃത്വം' എന്ന് പുകഴ്ത്തിയിരുന്നു. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്നാലെ മോദിയുടെ നിർദ്ദേശം അംഗീകരിച്ചു.  

പാക് ദേശീയ സുരക്ഷ കൗൺസിൽ യോഗത്തിൽ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഠാൻകോട്ട് ഭീകരാക്രമണത്തിനു ശേഷം സാർക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മോദി പിൻമാറിയിരുന്നു. സാർക് സംഘടനയുടെ പ്രവർത്തനം തന്നെ നാലു വർഷമായി നിലച്ചിരിക്കുകയാണ്.  പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും  സാർകിലേക്ക് മടങ്ങുന്നത് പാകിസ്ഥാനുമായി ആശയവിനിമയത്തിനുള്ള വഴി പുനസ്ഥാപിക്കാനുള്ള താല്പര്യമായി  ചില നയതന്ത്ര വിദഗ്ധർ വ്യാഖ്യാനിക്കുന്നുണ്ട്. 

പാകിസ്ഥാനില്‍ ഇതുവരെ 22 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാനില്‍ നിന്നും സിറിയയില്‍ നിന്നും പാകിസ്ഥാനിലേക്ക് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും ഏപ്രില്‍ അഞ്ച് വരെ അടച്ചു. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23ന് നടത്താനിരുന്ന സൈനിക പരേഡും മാറ്റിവച്ചു. പ്രതിരോധമാര്‍ഗമെന്ന നിലയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചുപൂട്ടാനും ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക