തൻ്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചി. ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നതിനെതിരെ ശബ്ദിച്ചതിന് ഇസ്ലാമിക സംഘടനകളിൽ നിന്ന് വധഭീഷണി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇസ്ലാമാബാദ്: തൻ്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ആക്റ്റിവിസ്റ്റ് ശിവ കച്ചി. ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നതിനെതിരെ നിലപാടെടുത്തതിന് താൻ വിമർശിച്ച ഇസ്ലാമിക് സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുവെന്നാണ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം ഇവരായിരിക്കുമെന്നും അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നുണ്ട്.
ദാരാവർ ഇത്തിഹാദ് എന്ന ന്യൂനപക്ഷ അവകാശ സംഘടനയുടെ ചെയർമാനും സ്ഥാപകനുമാണ് ശിവ കച്ചി. തെഹ്റീക്-ഇ-ലബൈക്ക് പാകിസ്ഥാൻ എന്ന സംഘടന തന്നെ വധിക്കാൻ ഫത്വ പോലെ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. ഇതിനെതിരെ താൻ പരാതി നൽകിയെങ്കിലും സിന്ധ് ഭരണകൂടമോ പാക് സർക്കാരോ പൊലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
സിന്ധ് പ്രവിശ്യയിൽ വർഷങ്ങളായി നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾക്കുമെതിരെ നിരന്തരം ഇടപെടൽ നടത്തിയ ആളാണ് ഇദ്ദേഹമെന്നാണ് വിവരം. തന്നെ മുസ്ലിം വിരുദ്ധനായും രാജ്യദ്രോഹിയായും മുദ്രകുത്തുന്നുവെന്നും അതിലൂടെ താനുന്നയിച്ച പരാതികൾക്ക് പിന്നിലെ അതിക്രമങ്ങളെ വെള്ളപൂശാനാണ് ശ്രമമെന്നും ആരോപണമുണ്ട്. അതേസമയം ഈ വീഡിയോ പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യൻ, അഹമ്മദിയ വിഭാഗക്കാർക്കിടയിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.


